അശാസ്ത്രീയ മരുന്നുപയോഗം അപകടം: മന്ത്രി വീണാ ജോർജ്
1489774
Tuesday, December 24, 2024 7:32 AM IST
പത്തനംതിട്ട: ആന്റി മൈക്രോബിയൽ പ്രതിരോധം സമീപഭാവിയിൽ ഉണ്ടായേക്കാവുന്ന വലിയ വിപത്തെന്ന് മന്ത്രി വീണാ ജോർജ്. സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എഡ്യുക്കേഷൻ (വിഎച്ച്എസ് ഇ) വിഭാഗം നാഷണൽ സർവീസ് സ്കീമുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സൗഖ്യം സദാ ആന്റിബയോട്ടിക് സാക്ഷരത യജ്ഞത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മൈലപ്ര മാർ കുര്യാക്കോസ് ആശ്രമം ഓഡിറ്റോറിയത്തിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
അശാസ്ത്രീയമായ മരുന്നുപയോഗം മരുന്നുകൾ കൊണ്ട് അസുഖങ്ങൾ മാറാത്ത സാഹചര്യത്തിലേക്ക് എത്തിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
വെറ്ററിനറി ഡോക്ടർമാരുടെ അനുവാദമില്ലാതെ ചിലർ കന്നുകാലികൾക്ക് ആന്റിബയോട്ടിക് മരുന്നുകൾ നൽകുന്നതായും കണ്ടുവരുന്നുണ്ടെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഇത്തരം കന്നുകാലികളുടെ പാൽ ഉപയോഗിക്കുന്നതും അപകടമാണ്. വെറ്റ് ബയോട്ടിക് എന്ന പേരിലുള്ള പ്രചാരണത്തിലൂടെ ഇതിനെതിരേ ബോധവത്കരണം നടത്തി വരുന്നതായും മന്ത്രി പറഞ്ഞു.
പത്തനംതിട്ട നഗരസഭാ ചെയർമാൻ ടി. സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു.