തങ്ക അങ്കിക്ക് നാടെങ്ങും വരവേല്പ്
1489439
Monday, December 23, 2024 5:01 AM IST
ആറന്മുള: ശബരിമല അയ്യപ്പ വിഗ്രഹത്തില്‍ മണ്ഡല പൂജയ്ക്ക് ചാര്‍ത്താനുള്ള തങ്ക അങ്കിയും വഹിച്ച് ഇന്നലെ ആറന്മുളയില്‍നിന്നു പുറപ്പെട്ട രഥഘോഷയാത്രയ്ക്ക് വിവിധ സ്ഥലങ്ങളില്‍ സ്വീകരണം നല്കി.
പുലര്‍ച്ചെ ആറന്മുള ക്ഷേത്രത്തിലെ ആനക്കൊട്ടിലില്‍ ദര്‍ശനത്തിനുവച്ച തങ്ക അങ്കി നിരവധിയാളുകള്‍ ദര്‍ശിച്ചു. പ്രത്യേകം തയാറാക്കിയ രഥത്തില്‍ പോലീസിന്റെ സുരക്ഷാ അകമ്പടിയോടെ ആറന്മുള കിഴക്കേ നടയില്നിന്നായിരുന്നു ഘോഷയാത്രയ്ക്ക് തുടക്കം.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, അംഗങ്ങളായ എ. അജികുമാര്‍, ജി. സുന്ദരേശന്, ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ്കുമാര്‍, ദേവസ്വം കമ്മീഷണര്‍ സി.വി. പ്രകാശ്, മുന്‍ എംഎല്‍എ മലേത്ത് സരളാദേവി, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കോഴഞ്ചേരി, ഇലന്തൂര്‍, പ്രക്കാനംവഴി ഓമല്ലൂര്‍ രക്തകണ്ഠസ്വാമി ക്ഷേത്രത്തില്‍ ആദ്യദിവസ യാത്ര അവസാനിപ്പിച്ചു.
ഇന്നു രാവിലെ എട്ടിന് വീണ്ടും പുറപ്പെടും. കൊടുന്തറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, അഴൂര്‍ ജംഗ്ഷന്, പത്തനംതിട്ട ഊരമ്മന്‍കോവില്‍, പത്തനംതിട്ട ശാസ്താക്ഷേത്രം, കരിമ്പനയ്ക്കല്‍ ദേവീക്ഷേത്രം,
കടമ്മനിട്ട ഭഗവതി ക്ഷേത്രം, കടമ്മനിട്ട ഋഷികേശ ക്ഷേത്രം, കോട്ടപ്പാറ കല്ലേലിമുക്ക്, പേഴുംകാട് എസ്എന്‍ഡിപി മന്ദിരം, മേക്കൊഴൂര്‍ ക്ഷേത്രം, മൈലപ്ര ഭഗവതി ക്ഷേത്രം, കുമ്പഴ ജംഗ്ഷന്, വെട്ടൂര്‍ മഹാവിഷ്ണുക്ഷേത്ര ഗോപുരപ്പടി, ഇളകള്ളൂര്‍ മഹാദേവ ക്ഷേത്രം, ചിറ്റൂര്‍ മുക്ക്, കോന്നി ടൗണ്‍, കോന്നി ചിറക്കല്‍ ക്ഷേത്രംവഴി കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലെത്തി വിശ്രമം.
നാളെ ചിറ്റൂര്‍ മഹാദേവക്ഷേത്രം, അട്ടച്ചാക്കല്‍, വെട്ടൂര്‍ ക്ഷേത്രം, മൈലാടുംപാറ, കോട്ടമുക്ക്, മലയാലപ്പുഴ ക്ഷേത്രം, മലയാലപ്പുഴ താഴം, മണ്ണാറക്കുളഞ്ഞി ക്ഷേത്രം, തോട്ടമണ്‍കാവ് ക്ഷേത്രം, റാന്നി രാമപുരം ക്ഷേത്രം, ഇടക്കുളം ശാസ്താക്ഷേത്രം, വടശേരിക്കര ചെറുകാവ്, വടശേരിക്കര പ്രയാര്‍ മഹാവിഷ്ണു ക്ഷേത്രം, മാടമണ്‍ ക്ഷേത്രംവഴി പെരുനാട് ശാസ്താ ക്ഷേത്രത്തില്‍ വിശ്രമിക്കും.
25-ന് ളാഹ സത്രം, പ്ലാപ്പള്ളി, നിലയ്ക്കല്‍ ക്ഷേത്രം, ചാലക്കയംവഴി ഉച്ചയ്ക്ക് 1.30ന് പമ്പയില്‍ എത്തിച്ചേരും.