പന്തളം നഗരസഭാ ഭരണം ബിജെപി നിലനിര്‍ത്തി
1489790
Tuesday, December 24, 2024 7:32 AM IST
പന്തളം: നഗരസഭയില്‍ നേതൃമാറ്റത്തിലൂടെ ഭരണം ബിജെപി നിലനിര്‍ത്തി. ബിജെപി അംഗം അച്ചന്‍കുഞ്ഞ് ജോണ്‍ ചെയര്‍മാനും യു. രമ്യ വൈസ് ചെയര്‍പേഴ്സണും ആകും. അവിശ്വാസ നോട്ടീസിനേ ത്തുടര്‍ന്ന് രാജിവച്ച ഭരണസമിതിയിൽ ഉപാധ്യക്ഷയായിരുന്നു രമ്യ.
ബിജെപിക്കുള്ളിലെ തര്‍ക്കങ്ങളും പ്രശ്നങ്ങളും മുതലെടുത്ത് എല്‍ഡിഎഫും യുഡിഎഫും ചേര്‍ന്നു നടത്തിയ രാഷ്ട്രീയ നീക്കങ്ങള്‍ക്കു തടയിട്ട് ചെയര്മാന് സ്ഥാനത്തേക്ക് പുതിയ ഒരാളെ അവതരിപ്പിച്ച് ബിജെപി കൗണ്‍സിലര്‍മാരെ ഒന്നിപ്പിച്ചു. വിമതസ്വരം ഉയര്‍ത്തിയവരെയും സ്വതന്ത്രനെയും ഒപ്പം നിര്‍ത്തിയാണ് ഭരണം നിലനിര്‍ത്തിയത്. 33 അംഗ കൗണ്‍സിലില്‍ ബിജെപിക്കു മാത്രമായി 18 കൗണ്‍സിലര്‍മാരാണുള്ളത്.
ചെയര്‍പേഴ്സണ്‍ ആയിരുന്ന സുശീല സന്തോഷ്, ഡെപ്യൂട്ടി ചെയര്‍പേഴ്സണല്‍ യു. രമ്യ എന്നിവര്‍ക്കെതിരേ എല്‍ഡിഎഫും ബിജെപിയിലെ ഒരു അംഗവും ചേര്‍ന്ന് അവിശ്വാസ നോട്ടീസ് നല്‍കുകയും യുഡിഎഫ് അതിനെ പിന്തുണയ്ക്കുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ആറിന് അവിശ്വാസം പരിഗണിക്കാനിരിക്കേ സുശീല സന്തോഷും യു. രമ്യയും രാജിവച്ചു.
തെരഞ്ഞെടുപ്പില്‍നിന്നു യുഡിഎഫിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ വിട്ടുനിന്നു. രാവിലെ യോഗത്തില്‍ പങ്കെടുത്ത യുഡിഎഫ് കൗണ്‍സിലറും കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗവുമായ കെ.ആര്. രവി വോട്ട് രേഖപ്പെടുത്തിയില്ല. എന്നാല്‍, ഉച്ചയ്ക്കുശേഷം നടന്ന ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പില്‍ കെ.ആര്. രവിയും പങ്കെടുത്തില്ല. ചെയര്മാന് സ്ഥാനത്തേക്ക് ബിജെപിയിലെ അച്ചന്‍കുഞ്ഞ് ജോണിന്റെ പേര് മുന്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ സുശീല സന്തോഷ് നിര്‍ദേശിച്ചു.
സിപിഎമ്മിലെ ലസിത നായരാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചത്. വോട്ടെടുപ്പില്‍ 29 കൗണ്‍സിലര്‍മാര്‍ പങ്കെടുത്തു. അച്ചന്‍കുഞ്ഞ് ജോണിന് 19 വോട്ടും ലസിതാ നായര്‍ക്ക് 9 വോട്ടും ലഭിച്ചു.
ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയിലെ യു. രമ്യ യുടെ പേര് സൂര്യ എസ് .നായര്‍ നിര്‍ദേശിച്ചു. രശ്മി രാജീവ് പിന്താങ്ങി. സിപിഐയിലെ വി. ശോഭനാകുമാരിയായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി. യോഗത്തില്‍ 28 കൗണ്‍സിലര്‍മാര്‍ പങ്കെടുത്തു. രമ്യയ്ക്ക് 19 വോട്ടും ശോഭനാകുമാരിക്ക് ഒമ്പത് വോട്ടും ലഭിച്ചു.
സ്വതന്ത്രന് രാധാകൃഷ്ണന് ഉണ്ണിത്താന് ഇരു തെരഞ്ഞെടുപ്പിലും ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്തു. പാലക്കാടിനു പുറമേ കേരളത്തില്‍ ബിജെപി ഭരിക്കുന്ന ഏക നഗരസഭയാണ് പന്തളം. ഭരണം നഷ്ടമാകാതിരിക്കാന്‍ സംസ്ഥാന നേതാക്കള്‍ ദിവസങ്ങളായി പന്തളത്ത് ക്യാമ്പ് ചെയ്താണ് കരുക്കള്‍ നീക്കിയത്. വിമതനീക്കം ശക്തമായ പന്തളത്ത് പാര്‍ട്ടിക്കു ഭരണം നഷ്ടമാകുന്ന സാഹചര്യം നിലനിന്നിരുന്നു.
കൊഴിഞ്ഞുപോകാതിരിക്കാന്‍ ഉത്തരേന്ത്യന്‍ മാതൃകയില്‍ കൗണ്‍സിലര്‍മാരെ ഒന്നടങ്കം പ്രത്യേക വാഹനത്തിലാണ് വോട്ടെടുപ്പിനായി കൗണ്‍സില്‍ ഹാളിലേക്ക് ബിജെപി എത്തിച്ചത്.
തെരഞ്ഞെടുപ്പിന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ വി.എസ്. അംബിക വരണാധികാരിയായി നേതൃത്വം നല്കി.