അഭിഭാഷകന് പ്രതിയായ പോക്സോ കേസില്‍ യുവതി അറസ്റ്റില്‍
1489784
Tuesday, December 24, 2024 7:32 AM IST
പത്തനംതിട്ട: പതിനാറുകാരിയെ അഭിഭാഷകന് മദ്യം കൊടുത്ത് മയക്കി ലൈംഗിക വൈകൃതങ്ങള്‍ക്കും പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയാക്കി ബലാല്‍സംഗം ചെയ്ത കേസില്‍ സഹായിയായ യുവതി അറസ്റ്റില്‍. കോന്നി സ്വദേശിനിയായ ബിന്‍സിയെയാണ് (41) കായംകുളം മൂന്നാംകുറ്റിയില്നിന്നും ആറന്മുള പോലീസ് അറസ്റ്റ് ചെയ്തത്.
ഇവര്‍ കേസില്‍ രണ്ടാം പ്രതിയാണ്. മാതാവിന്റെ സാമീപ്യമില്ലാത്ത കുട്ടിയെ സംരക്ഷിക്കാന്‍ ചുമതലയുണ്ടായിരുന്നയാളാണ് ബിന്സിയെന്ന് പോലീസ് പറഞ്ഞു. അഭിഭാഷകനായ നൗഷാദാണ് കേസിലെ ഒന്നാം പ്രതി. ഇയാള്‍ക്ക് ബലാല്‍സംഗത്തിനും ലൈംഗിക അതിക്രമങ്ങള്‍ക്കും വിധേയയാക്കിക്കൊടുക്കുകയാണ് ചെയ്തത്.
ഒന്നാം പ്രതി നൗഷാദ് (46) ഒളിവിലാണ്. കോഴഞ്ചേരി ഹോട്ടല്‍ പാര്‍ക്ക്, പത്തനംതിട്ട കുമ്പഴയിലെ ഹോട്ടല്‍ ഹില്‍പാര്‍ക്ക് എന്നിവിടങ്ങളിലെത്തിച്ചായിരുന്നു പീഡനം തുടര്‍ന്നത്. പ്ലസ് വണ്‍ പരീക്ഷ കഴിഞ്ഞ കാലയളവില്‍ എറണാകുളത്ത് കോറല്‍ ഹോട്ടലില്‍ എത്തിച്ചും അഭിഭാഷകന് കുട്ടിയെ ക്രൂര ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാക്കിയിരുന്നു. ഇയാള്‍ക്ക് എല്ലാ സൗകര്യങ്ങളും ഒത്താശയും ചെയ്തുകൊടുത്തത് ബിന്‍സിയാണ്. പീഡനവിവരം പുറത്തുപറഞ്ഞാല്‍ തങ്ങളുടെ കൈവശം പീഡനദൃശ്യങ്ങള്‍ ഉണ്ടെന്നും, അതുവച്ച് അച്ഛനെയും മകളെയും കുടുക്കുമെന്നും പറഞ്ഞ് കുട്ടിയെ ഭീഷണിപ്പെടുത്തി.
പത്തനംതിട്ട ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആറന്മുള പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
ഒന്നാം പ്രതിയായ അഭിഭാഷകന്റെ ക്രൂരമായ ലൈംഗികപീഡനത്തിന് എല്ലാ സാഹചര്യങ്ങളും ഒരുക്കിക്കൊടുത്ത ബിന്‍സി, ഇതിനായി പ്രതിഫലം പലതവണ കൈപ്പറ്റുകയും ചെയ്തതായി വ്യക്തമായി. പീഡനം അറിഞ്ഞിട്ടും കുട്ടിയെ സംരക്ഷിക്കാന്‍ ബാധ്യതയുള്ള ബിന്‍സി ആരെയും അറിയിക്കാതെ മറച്ചുവയ്ക്കുകയും നിയമപരമായ ബോധമുള്ള ഒന്നാം പ്രതിക്ക് പീഡനങ്ങള്‍ക്ക് എല്ലാവിധ ഒത്താശയും ചെയ്തുകൊടുത്തതായും പോലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.