തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍
1489788
Tuesday, December 24, 2024 7:32 AM IST
പത്തനംതിട്ട: സ്കൂളിലെ ഗ്രൗണ്ടില്‍നിന്നു മണ്ണ് നിയമപരമായ പാസോടെ ജെസിബിയും ടിപ്പറും കൊണ്ട് നീക്കം ചെയ്തുകൊണ്ടിരിക്കവേ, കരാര്‍ എടുത്തയാളെ ദേഹോപദ്രവം ഏല്‍പ്പിച്ച കേസില്‍ മൂന്നുപേരെ പത്തനംതിട്ട പോലീസ് പിടികൂടി.
പത്തനംതിട്ട വാഴമുട്ടം ഈസ്റ്റ് എല്‍പി സ്കൂള്‍ വളപ്പിലെ മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തി നടക്കുമ്പോള്‍, അവിടെയുണ്ടായിരുന്ന കോന്നി ഐരവണ്‍ കുമ്മണ്ണൂര്‍ പള്ളി പടിഞ്ഞാറ്റേതില്‍ വീട്ടില്‍ ഷെരീഫിനും ( 50) സുഹൃത്ത് ബിപിന്‍ കുമാറിനുമാണ് മര്‍ദനമേറ്റത്. ഒന്നാം പ്രതി ഓമല്ലൂര്‍ ഐമാലി മുണ്ടപ്പള്ളി കിഴക്കേതില്‍ വീട്ടില്‍ ജിതേഷ് ( 39), രണ്ടാം പ്രതി ഓമല്ലൂര്‍ പുത്തന്‍പീടിക പറയാനാലി മടുക്കോലില്‍ ജിജോ മോന് (24), അഞ്ചാം പ്രതി അങ്ങാടിക്കല്‍ മണ്ണില്‍ കിഴക്കേതില്‍പടി ചെനാത്ത് മണ്ണില്‍ വീട്ടില്‍ രാഹേഷ് (32) എന്നിവരാണ് പിടിയിലായത്. കേസില്‍ അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്യാനുണ്ട്.
നിര്‍മാണത്തിലിരുന്ന സ്കൂളിന്റെ കളിസ്ഥലത്തിനു വേണ്ടിയാണ് മണ്ണ് നീക്കം ചെയ്യുന്നത്. ഈസമയം ജീപ്പിലും രണ്ടു ബൈക്കിലുമായി ജിതേഷിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ സംഘം അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.
മൂക്കിനും വായിലും ഇടികൊണ്ട് പരിക്കേറ്റ ഷെരീഫ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. വിവരം ലഭിച്ചതനുസരിച്ച് പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍നിന്ന് എസ്ഐ എസ്. സജീവിന്റെ നേതൃത്വത്തില്‍ മൊഴി രേഖപ്പെടുത്തി. തുടര്‍ന്ന്, കുറ്റകരമായ നരഹത്യാശ്രമത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ റൗഡി ഹിസ്റ്ററി ലിസ്റ്റില്‍പ്പെട്ട ജിതേഷിനുവധശ്രമത്തിനും മര്‍ദനം ഏല്‍പ്പിച്ചതിനും മുമ്പ് പത്തനംതിട്ട സ്റ്റേഷനില്‍ ക്രിമിനല്‍ കേസ് ഉണ്ട്.
ജിജോ മോനെതിരെയും മൂന്ന് ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. മറ്റു പ്രതികള്‍ക്കായി അന്വേഷണം വ്യാപകമാക്കി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പത്തനംതിട്ട ഡിവൈഎസ്പി എസ്. നന്ദകുമാറിന്റെ മേല്‍നോട്ടത്തില്‍ പോലീസ് ഇൻസ്പെക്ടര്‍ ഷിബു കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൂന്നു പേരെയും പിടികൂടിയത്.