ക്രിസ്മസ് രാവ്... നാടാകെ ആഘോഷത്തിരക്കിൽ
1489781
Tuesday, December 24, 2024 7:32 AM IST
പത്തനംതിട്ട: തിരുപ്പിറവിയുടെ സന്തോഷം പങ്കിടാൻ നാടും നഗരവും ഒരുക്കത്തിൽ. ക്രിസ്മസ് രാവ് വന്നണയാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ ആഘോഷപ്പൊലിമയുമേറി.
ദേവാലയങ്ങളിൽ ഇന്നു വൈകുന്നേരത്തോടെ ക്രിസ്മസ് ശുശ്രൂഷകൾക്കു തുടക്കമായി. ക്രിസ്മസ് സന്ധ്യയിൽ പ്രത്യേക പ്രാർഥനകളോടെയാണ് തുടക്കം. പാതിരാകുർബാനയോടെയാണ് സമാപനം. നാളെ പുലർച്ചെയും പ്രത്യേക പ്രാർഥനകളും ദിവ്യബലിയും ഉണ്ടാകും. ക്രിസ്മസ് ശുശ്രൂഷയോടനുബന്ധിച്ച് തിരുപ്പിറവിയുടെ സ്മരണയിൽ തീജ്വാല ശുശ്രൂഷയും പ്രാർഥനകളും നടക്കും.
ഭവനങ്ങൾതോറുമെത്തി ക്രിസ്മസ് സന്ദേശം കൈമാറിക്കൊണ്ടുള്ള കരോൾ സർവീസുകളും നടന്നുവരികയാണ്. ദേവാലയങ്ങളിൽ ക്രിസ്മസ് കരോളും ക്രമീകരിച്ചിട്ടുണ്ട്.
മധുരതരമാക്കാൻ കേക്ക് വിപണി
ക്രിസ്മസും പുതുവർഷവും മധുരതരമാക്കാൻ കേക്ക് വിപണിയും സജീവം. വ്യത്യസ്തങ്ങളായ കേക്കുകളാണ് വിപണിയിലെത്തിച്ചിട്ടുള്ളത്. പ്ലം കേക്ക്, പ്രീമിയം കേക്ക്, മാർബിൾ കേക്ക്, പൈനാപ്പിൾ, കാരറ്റ് കേക്കുകൾക്കൊപ്പം ഐസ് കേക്കുകളും ബട്ടർ സ്കോച്ച് കേക്കുകളും വിവിധ രൂപങ്ങളിലും ഭാവങ്ങളിലും നിറഞ്ഞിരിക്കുകയാണ്.
സാധാരണ കേക്കുകൾക്ക് 300 രൂപ മുതലാണ് കിലോഗ്രാമിന് വില. വർണങ്ങളും അലങ്കാരങ്ങളുമായി വിപണി വ്യത്യസ്തതകൾ തേടുന്പോൾ നിർമാണത്തിലെ വൈദഗ്ധ്യവും നിറഞ്ഞിരിക്കുകയാണ്. പ്ലം കേക്കുകൾ മാത്രം വെറൈറ്റികൾ വേണ്ടുവോളം. ഫ്രൂട്ട്സുകളുടെ ചേരുവയിലാണ് ഇവയിലെ വൈവിധ്യം. കേക്ക് വിപണനത്തിനായി ബേക്കറികളിൽ പ്രത്യേക വില്പന ശാലകളുണ്ട്.
ഓമല്ലൂർ സംയുക്ത ക്രിസ്മസ് ആഘോഷം നാളെ
ഓമല്ലൂർ: ഓമല്ലൂർ പൗരാവലിയുടെയും വിവിധ ക്രൈസ്തവ സഭകളുടെയും സംയുക്താഭിമുഖ്യത്തിൽ 94-ാമത് സംയുക്ത ക്രിസ്മസ് ആഘോഷം നാളെ നടക്കും.വൈകുന്നേരം നാലിന് പുത്തൻപീടിക സൗത്ത് സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ നിന്നാരംഭിക്കുന്ന ക്രിസ്മസ് റാലി കൈപ്പട്ടൂർ പഴയകടവ് ചുറ്റി ഓമല്ലൂർ ടൗണിലെ ക്രിസ്മസ് നഗറിൽ സമാപിക്കും.
പൊതുസമ്മേളനം പത്തനംതിട്ട രൂപതാധ്യക്ഷൻ ഡോ. സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും.
റവ.ഡോ. ഏബ്രഹാം സി. പുളിന്തിട്ട മുഖ്യപ്രഭാഷണം നടത്തും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാൽ പ്രസംഗിക്കും. രാത്രി ഒന്പതിന് കൊല്ലം അനശ്വര നാടകവേദിയുടെ അന്നാഗാരേജ് സാമൂഹ്യനാടകവും ഉണ്ടാകും.