തീർഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് അപകടം
1489773
Tuesday, December 24, 2024 7:32 AM IST
എരുമേലി: ശബരിമല ദർശനത്തിന് പോകുകയായിരുന്ന തീർഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം തെറ്റി ഇടിച്ച് അപകടം. യാത്രക്കാർക്ക് നിസാര പരിക്കേറ്റു. വാഹനത്തിന്റെ മുൻഭാഗം പൂർണമായി തകർന്നു.
ഇന്നലെ പുലർച്ചെ നാലോടെ എരുമേലി-കാഞ്ഞിരപ്പള്ളി സമാന്തര പാതയിലെ വിഴിക്കത്തോടാണ് അപകടം. വയനാട് നിന്ന് ശബരിമലയിലേക്ക് പോവുകയായിരുന്ന തീർഥാടകരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണം. മോട്ടോർ വാഹന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി റിക്കവറി ക്രെയിൻ ഉപയോഗിച്ച് കാർ നീക്കി. തീർഥാടകരെ കെഎസ്ആർടിസി ബസിൽ പമ്പയിലേക്ക് അയച്ചു.
റോഡ് സേഫ് സോൺ വിഭാഗം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ നിഖിൽ കെ. ബാലൻ, സുരേഷ് കുമാർ, അസിസ്റ്റന്റ് ഇൻസ്പെക്ടർ ആശാകുമാർ, ഡ്രൈവർമാരായ ബെന്നിച്ചൻ ജോസഫ്, ജിതിൻ ജോബി എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.