കൂടൽ പാക്കണ്ടത്ത് വീണ്ടും പുലി കൂട്ടിലായി
1489787
Tuesday, December 24, 2024 7:32 AM IST
കോന്നി: കൂടൽ പാക്കണ്ടത്തിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ വീണ്ടും പുലി വീണു. കഴിഞ്ഞ മാസവും ഒരു പുലി വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ വീണിരുന്നു. അന്നു പിടികൂടിയ പുലിയെ ഗവി വനത്തിലാണ് തുറന്നു വിട്ടത്.
കൂടല്‍ പാക്കണ്ടം ഭാഗങ്ങളില്‍ പുലിയുടെ സ്ഥിരം സാന്നിധ്യം കൂടിയതോടെയാണ് വനം വകുപ്പ് പുലിയെ പിടികൂടാൻ കൂട് സ്ഥാപിച്ചത്. ഇന്നലെ രാവിലെയാണ് പുലി വീണതു പ്രദേശവാസികൾ കണ്ടത്.
നാട്ടുകാർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വനം അധികൃതർ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയത്. പുലി കൂട്ടിൽ അകപ്പെട്ടതിനേത്തുടർന്ന് സ്ഥലത്തെത്തിയ വനപാലകർ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയശേഷമാണ് തുടർനടപടികളിലേക്കു നീങ്ങിയത്. പുലിക്കു ശാരീരിക ബുദ്ധിമുട്ടുകൾ ഇല്ലെന്ന് ഉറപ്പാക്കിയശേഷം ഇതിനെയും ഉൾവനത്തിൽ തുറന്നുവിടും. പുലിയുടെ തുടർച്ചയായ സാന്നിധ്യം ഈ മേഖലയിലെ ജനജീവിതത്തിന് ഏറെ ഭീഷണി ഉയർത്തിയിരുന്നു.