അമിത്ഷായുടെ അംബേദ്കർ വിരുദ്ധ പരാമർശം: കേരള സിപിഎമ്മിന്റെ നിലപാട് ദുരുപദിഷ്ടമെന്ന്
1489782
Tuesday, December 24, 2024 7:32 AM IST
പത്തനംതിട്ട: അമിത്ഷായുടെ അംബേദ്കർ വിരുദ്ധ പരാമർശത്തിൽ കേരള സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും പുലർത്തുന്ന മൗനം ദുരുപദിഷ്ടമാണെന്ന് ആന്റോ ആന്റണി എംപി പത്രസമ്മേളനത്തിൽ പറഞ്ഞു.
ഭരണഘടനാ ശില്പിയായ ഡോ. അംബേദ്കറെ അപമാനിക്കുകയും നിസാരവത്കരിക്കുകയും ചെയ്യുന്ന പ്രസ്താവന നടത്താൻ അമിത്ഷായെ പ്രേരിപ്പിച്ചത് സംഘപരിവാർ പ്രതിനിധാനം ചെയ്യുന്ന ആശയങ്ങളെയും മൂല്യങ്ങളെയും ജീവിതകാലം മുഴുവൻ നിരന്തരം വിമർശിച്ച അംബേദ്കറോടുള്ള വെറുപ്പും അസഹിഷ്ണുതയുമാണ്. ഈ വിഷയത്തിൽ ഇന്ത്യ മുന്നണി ഒറ്റക്കെട്ടായാണ് പാർലമെന്റിൽ പ്രതികരിച്ചത്.
ഇന്ത്യൻ ഭരണഘടനയെ തകർക്കാൻ അതിന്റെ അകത്തുനിന്നുകൊണ്ടുതന്നെ ശ്രമിക്കുന്ന രാഷ്ട്രീയ ശക്തിയെയാണ് അമിത്ഷാ പ്രതിനിധാനം ചെയ്യുന്നത്. 2014ൽ അധികാരത്തിലെത്തിയശേഷം ഇന്ത്യൻ ഭരണഘടനയുടെ പൗരത്വ സങ്കല്പങ്ങളെ ന്യൂനപക്ഷ അവകാശങ്ങൾ ഉറപ്പു നൽകുന്ന വകുപ്പുകളെ നിർവീര്യമാക്കുകയും സംവരണത്തെ അട്ടിമറിക്കുകയും ചെയ്യാനുള്ള ശ്രമങ്ങളാണ് ബിജെപി നടത്തിക്കൊണ്ടിരിക്കുന്നത്. ഭരണഘടനയെ ഉള്ളിൽനിന്നും അട്ടിമറിക്കാനുള്ള ശ്രമങ്ങൾ അംബേദ്കറുടെ ദർശനങ്ങളോടുള്ള എതിർപ്പാണെന്നും ആന്റോ ആന്റണി കുറ്റപ്പെടുത്തി.
ഇതിനെതിരേ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നുവരികയാണ്. കേരളത്തിൽ ജില്ലാ ആസ്ഥാനങ്ങളിൽ കോൺഗ്രസ് ഇന്ന് പ്രതിഷേധ മാർച്ച് നടത്തും.
വിഷയത്തിൽ ഇതേവരെയും അമിത്ഷായെ വിമർശിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയാറാകാതിരിക്കുന്നത് ബിജെപിയോടും കേന്ദ്ര സർക്കാരിനോടുമുള്ള വിധേയത്വമാണ് വ്യക്തമാക്കുന്നതെന്നും ആന്റോ അഭിപ്രായപ്പെട്ടു.