മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടാനുള്ള നീക്കം ചെറുക്കപ്പെടണം: പുതുശേരി
1489931
Wednesday, December 25, 2024 4:46 AM IST
പത്തനംതിട്ട: മാധ്യമങ്ങളുടെ സംരക്ഷകരെന്ന് ഒരുഭാഗത്ത് വീന്പിളക്കുകയും മറുഭാഗത്ത് സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനു കൂച്ചുവിലങ്ങിടുന്ന സമീപനം തുടരുകയും ചെയ്യുന്നത് ജനാധിപത്യ സർക്കാരിനു ഭൂഷണമല്ലെന്ന് മുൻ എംഎൽഎ ജോസഫ് എം. പുതുശേരി.
വാർത്തയുടെ ഉറവിടം തേടി മാധ്യമ പ്രവർത്തകനായ അനിരു അശോകന്റെ ഫോൺ പിടിച്ചെടുക്കാനുള്ള ക്രൈംബ്രാഞ്ച് പോലീസിന്റെ നീക്കത്തിനെതിരേ കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധദിനാചരണത്തിന്റെ ഭാഗമായി കെയുഡബ്ല്യുജെ ജില്ലാ കമ്മിറ്റി പത്തനംതിട്ട ഗാന്ധിസ്ക്വയറിൽ നടത്തിയ സമരപരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പിഎസ്സി പോലെയുള്ള ഒരു സ്ഥാപനത്തിൽനിന്ന് ഉദ്യോഗാർഥികളുടെ പാസ്വേഡും ഐഡിയും ഉൾപ്പെടെ സൈബർ ഹാക്കർമാർ ചോർത്തിയ വിഷയം വാർത്തയാക്കിയ സംഭവത്തിലാണ് മാധ്യമ പ്രവർത്തകനെ വേട്ടയാടാനുള്ള ശ്രമം നടക്കുന്നത്. മാധ്യമങ്ങൾക്കു മൂക്കുകയർ ഇടാനുള്ള ഏതൊരു നീക്കത്തെയും കേരള പൊതുസമൂഹം ഒറ്റക്കെട്ടായി ചെറുക്കണമെന്നും പുതുശേരി പറഞ്ഞു.
കെയുഡബ്ല്യുജെ ജില്ലാ പ്രസിഡന്റ് ബിജു കുര്യൻ അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാർ, എഐടിയുസി സംസ്ഥാന എക്സിക്യൂട്ടീവംഗം ബെൻസി തോമസ്, കെയുഡബ്ല്യുജെ മുൻ സംസ്ഥാന പ്രസിഡന്റ് ബോബി ഏബ്രഹാം, മുൻ സംസ്ഥാന സമിതിയംഗം സാം ചെന്പകത്തിൽ, ജില്ലാ ട്രഷറർ എസ്. ഷാജഹാൻ, വൈസ് പ്രസിഡന്റ് സി.കെ. അഭിലാൽ തുടങ്ങിയവർ പ്രസംഗിച്ചു.