പരിശോധനകള്‍ കര്‍ശനമാക്കി എക്സൈസ്: മയക്കുമരുന്ന് കേസുകള്‍ 26
1489937
Wednesday, December 25, 2024 4:46 AM IST
പത്തനംതിട്ട: ക്രിസ്മസ്, പുതുവത്സര കാലയളവില്‍ റെയ്ഡുകള്‍ ശക്തമാക്കിയതിന്റെ ഭാഗമായി എക്സൈസ് സംഘം കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ 26 മയക്കുമരുന്ന് വില്പന കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സ്പെഷല്‍ ഡ്രൈവ് തുടങ്ങിയശേഷം ഇതേവരെ 318 റെയ്ഡുകളാണ് നടത്തിയത്. 69 അബ്കാരി കേസുകളും 26 മയക്കുമരുന്ന് കേസുകളും പുകയില ഉത്പന്നങ്ങളുടെ വിപണനവുമായി ബന്ധപ്പെട്ട് 90 കോട്പ കേസുകളും ചുമത്തി.
അബ്കാരി കേസുകളില്‍ 600 ലിറ്റര്‍ കോട, 14 ലിറ്റര്‍ ചാരായം, 69.550 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം, 30 ലിറ്റര്‍ കള്ള് എന്നിവ തൊണ്ടിയായി കണ്ടെടുത്തു. മയക്കുമരുന്ന് കേസുകളില്‍ 1.072 കിലോഗ്രാം കഞ്ചാവും കോട്പ കേസുകളിലായി 2.510 കിലോഗ്രാം പുകയില ഉത്പന്നങ്ങള്‍, കഞ്ചാവ് ബീഡികള്‍ തുടങ്ങിയവ കണ്ടെടുത്തു.
അബ്കാരി കേസുകളില്‍ 66 പ്രതികളെയും മയക്കുമരുന്ന് കേസുകളില്‍ 26 പ്രതികളെയും കോട്പ കേസുകളില്‍ 90 പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കോട്പ കേസുകളിലായി 18,000 രൂപ പിഴയും ഈടാക്കി. ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന 11 ക്യാമ്പുകളിലും എക്സൈസ് സംഘം പരിശോധന നടത്തി.