ആദിവാസി യുവതി ജീപ്പിനുള്ളില്‍ ആണ്‍കുഞ്ഞിന് ജന്മം നല്കി
1489445
Monday, December 23, 2024 5:01 AM IST
കോന്നി: ആശുപത്രിലേക്ക് കൊണ്ടുവരുന്നതിനിടെ ആവണിപ്പാറ ആദിവാസി കോളനിയിലെ യുവതി ജീപ്പിനുള്ളില്‍ ആണ്‍കുഞ്ഞിന് ജന്മം നല്കി. ഇന്നലെ രാവിലെ ഏഴരയോടെയായിരുന്നു സംഭവം. ആവണിപ്പാറ ആദിവാസി കോളനിയില്‍ താമസിക്കുന്ന സജിതയാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
തിങ്കളാഴ്ച സജിതയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനിരിക്കേ ഞായറാഴ്ച വേദനയേത്തുടര്‍ന്ന് ബന്ധുക്കള്‍ ആവണിപ്പാറ ആദിവാസി കോളനിയിലെ ട്രൈബല്‍ പ്രമോട്ടര്‍ ഹരിതയെ വിവരം അറിയിക്കുകയും ഇവര്‍ എത്തി യുവതിയെ ജീപ്പില്‍ കയറ്റി കല്ലേലി - ആവണിപ്പാറ റോഡിലെ വനപാതയിലൂടെ കോന്നിയിലേക്ക് പുറപ്പെടുകയായിരുന്നു.
എന്നാല്‍, മണ്ണാറപ്പാറ വനഭാഗത്ത് എത്തിയപ്പോള്‍ യുവതി ജീപ്പിനുള്ളില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. തുടര്‍ന്ന് ട്രൈബല്‍ പ്രമോട്ടര്‍ കോന്നി താലൂക്ക് ആശുപത്രിയില്‍ വിവരം അറിയിക്കുകയും നിമിഷങ്ങള്‍ക്ക് അകംതന്നെ കോന്നി മെഡിക്കല്‍ കോളജില്‍നിന്നും 108 ആംബുലന്‍സ് സ്ഥലത്തെത്തി അമ്മയെയും കുഞ്ഞിനേയും കോന്നി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും പിന്നീട് തുടര്‍ചികിത്സക്കായി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
അമ്മയും കുഞ്ഞും പൂര്‍ണ ആരോഗ്യകരമായി ഇരിക്കുന്നതായി അധികൃതര്‍ പറഞ്ഞു.