ജില്ലാ ശുചിത്വ മിഷൻ ഗുണഭോക്തൃ സംഗമം നടത്തി
1489442
Monday, December 23, 2024 5:01 AM IST
പത്തനംതിട്ട: എല്ലാവർക്കും വൃത്തിയുളളതും അടച്ചുറപ്പുള്ളതുമായ ശൗചാലയം ലഭ്യമാക്കാൻ പത്തനംതിട്ട ജില്ലാ ശുചിത്വ മിഷൻ തയാറാക്കിയിട്ടുള്ള പദ്ധതിയുടെ ഭാഗമായി ഗുണഭോക്തൃ സംഗമം നടത്തി.
എല്ലാ ലൈഫ് ഗുണഭോക്താക്കളിലേക്കും ടോയ്ലറ്റ് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ബ്ലോക്കുതലത്തിലാണ് ഗുണഭോക്തൃസംഗമം നടത്തിയത്. ശൗചാലയ നിർമാണത്തിനായി ഗുണഭോക്താക്കൾക്ക് എസ്ബിഎം (ഗ്രാമീൺ) ഫണ്ടിൽ ഉൾപ്പെടുത്തി 12,000 രൂപയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതമായി 3,400 രൂപയും ലഭിക്കും.
വാർഷിക പദ്ധതിയിൽ ഉൾപ്പെടാത്ത ഗുണഭോക്താക്കൾക്ക് ആവശ്യമായ രേഖകൾ സമർപ്പിച്ചാൽ ഫണ്ട് ലഭ്യമാകുന്നതിന് ആവശ്യമായ പദ്ധതി അതത് തദ്ദേശ സ്ഥാപനങ്ങളെക്കൊണ്ട് ഏറ്റെടുപ്പിക്കുന്നതിന് ഉചിതമായ നടപടിയും ഉണ്ടാകും.
അതത് ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകളിലാണ് പരിപാടി സംഘടിപ്പിച്ചത്. ഇലന്തൂർ, പന്തളം, മല്ലപ്പള്ളി, പറക്കോട്, കോന്നി, റാന്നി, പുളിക്കീഴ്, കോയിപ്രം എന്നീ ബ്ലോക്ക് പഞ്ചായത്തുകളിൽ സംഗമം നടന്നു. ഇലന്തൂർ ബ്ലോക്ക് പഞ്ചായത്തിൽ നടന്ന സംഗമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു.
വിവിധ ബ്ലോക്ക് പഞ്ചായത്തുകളിൽ നടന്ന സംഗമത്തിൽ ജില്ലാ ശുചിത്വ മിഷൻ കോ-ഓർഡിനേറ്റർ നിഫി എസ്. ഹക്ക് വിഷയാവതരണം നടത്തി. ജില്ലാ ശുചിത്വ മിഷൻ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ (എസ്ഡബ്ല്യുഎം) ആദർശ് പി. കുമാറായിരുന്നു ഈവന്റ് കൺവീനർ.