സിപിഎമ്മിലെ പ്രാദേശിക പോര് : അയിരൂരിലെ മുന്‍ പ്രസിഡന്റ് മെംബര്‍ സ്ഥാനം രാജിവച്ചു
1489933
Wednesday, December 25, 2024 4:46 AM IST
കോഴഞ്ചേരി: സിപിഎം അയിരൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി അംഗവും ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ ശ്രീജ വിമല്‍ പഞ്ചായത്ത് അംഗത്വം രാജിവച്ചു. തിങ്കളാഴ്ച രാവിലെ പഞ്ചായത്ത് കമ്മിറ്റി യോഗം നടക്കുന്നതിനിടെയിലാണ് മെംബറുടെ ആകസ്മിക രാജി പ്രഖ്യാപനം.
സ്വന്തം ലെറ്റര്‍പാഡില്‍ പ്രസിഡന്റ്/സെക്രട്ടറി എന്ന് അഭിസംബോധന ചെയ്ത് രാജിക്കത്ത് കൈമാറുകയായിരുന്നു. എന്നാൽ, പഞ്ചായത്ത് രാജ് നിയമപ്രകാരം ഇതു നിലനിൽക്കില്ലെന്നു കണ്ടതോടെ ശ്രീജ വിമൽ നിർദിഷ്ട ഫോമിൽ തയാറാക്കിയ രാജിക്കത്ത് പിന്നീട് ഔദ്യോഗികമായി സെക്രട്ടറിക്കു കൈമാറി.
അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ 16-ാം വാര്‍ഡിനെയാണ് ശ്രീജ വിമൽ പ്രതിനിധീകരിച്ചിരുന്നത്. ശ്രീജ വിമലിന്റെ രാജിയോടെ പഞ്ചായത്ത് ഭരണസമിതിയിൽ എൽഡിഎഫ് ദുർബലമായി. നേരത്തെ തന്നെ സ്വതന്ത്രരുടെയും മറ്റും പിന്തുണയിലാണ് ഭരണം തുടർന്നുവന്നത്.
2002 മുതല്‍ 2005 വരെയും തുടര്‍ന്ന് 2010 വരെയും ഏഴരവര്‍ഷത്തോളം പഞ്ചായത്ത് പ്രസിഡന്റായിരുന്നു. അഞ്ചാം തവണയാണ് ഇവര്‍ ഗ്രാമപഞ്ചായത്ത് അംഗമാകുന്നത്.
അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ സിപിഎം നേതൃത്വത്തില്‍നിന്നു തനിക്കു നേരിടേണ്ടിവന്ന മാനസിക പീഡനവും തിക്താനുഭവങ്ങളുമാണ് രാജിക്ക് കാരണമെന്ന് ശ്രീജ പറഞ്ഞു. മാധ്യമങ്ങൾക്കു മുന്നിൽ അവർ ഇന്നലെ വിശദീകരണവും നടത്തി.
കഥകളി മ്യൂസിയവുമായി ബന്ധപ്പെട്ട വിഷയം രാജിക്ക് കാരണമായിട്ടുള്ളതായി തിങ്കളാഴ്ച നൽകിയ കത്തിൽ പരാമര്‍ശിക്കുന്നുണ്ട്.
രാജി പ്രഖ്യാപനത്തിനു പിന്നില്‍ കഥകളി മ്യൂസിയം നിര്‍മാണത്തര്‍ക്കം
കോഴഞ്ചേരി-ചെറുകോല്‍പ്പുഴ റോഡില്‍ ചെറുകോല്‍പ്പുഴ പാലത്തിനു സമീപമുള്ള കഥകളി ക്ലബിന്റെ സ്ഥലം കഥകളി മ്യൂസിയം നിര്‍മിക്കുന്നതിനായി പഞ്ചായത്തിന് രജിസ്റ്റര്‍ ചെയ്തു നല്കിയ എട്ട് സെന്റ് സ്ഥലത്ത് വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നതിനും അഗ്നിശമനസേനയുടെ വാഹനം വരുന്നതിനുമുള്ള സൗകര്യവും ഇല്ലാത്തതിനാല്‍ നിര്‍മാണത്തിനുള്ള അനുമതി സെക്രട്ടറി നിഷേധിച്ചിരുന്നു.
ഇതിനെതിരേ റാന്നിയില്‍ സംസ്ഥാനസര്‍ക്കാരിന്റെ അദാലത്തില്‍ കഥകളി ക്ലബ് സെക്രട്ടറിയും ശ്രീജയുടെ ഭര്‍ത്താവുമായ വിമല്‍രാജ് പരാതി നല്‍കുകയും ചെയ്തു. ഒരാഴ്ചയ്ക്കുള്ളില്‍ പഞ്ചായത്ത് കമ്മിറ്റി പാര്‍ക്കിംഗിനുള്ള സ്ഥലം കണ്ടെത്തി നിര്‍മാണ അനുമതി നല്‍കണമെന്ന് അദാലത്തില്‍ നിര്‍ദേശിച്ചിരുന്നു.
ഇതേത്തുടര്‍ന്ന് ഇന്നലെ നന്ന പഞ്ചായത്ത് കമ്മിറ്റി യോഗത്തില്‍ ഈ വിഷയം അജണ്ടയില്‍ ഉള്‍പ്പെടുത്തി ചര്‍ച്ച ചെയ്യുകയും കഥകളി മ്യൂസിയത്തിനുവേണ്ടിയുള്ള ഭൂമിയുടെ ആധാരം വ്യാജമാണെന്നും ആധാരത്തില്‍ കഥകളി ക്ലബിന്റെ പ്രസിഡന്റിനുപകരം മറ്റൊരാളാണ് വ്യാജമായി ഒപ്പിട്ടിരിക്കുന്നതെന്നും ഇതുമായി ബന്ധപ്പെട്ട് കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ടെന്നും ബിജെപി ജില്ലാ ജനറല്‍സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് അംഗവുമായി പ്രദീപ് അയിരൂര്‍ പറഞ്ഞതിനെ അനുകൂലമായി സിപിഎമ്മിലെ തന്നെ ചില അംഗങ്ങള്‍ നിലപാട് സ്വീകരിച്ചതുമാണ് പൊടുന്നനെയുള്ള രാജി പ്രഖ്യാപനത്തിനു കാരണമായതെന്നു പറയപ്പെടുന്നു.
രാവിലെ നടന്ന സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പാര്‍ക്കിംഗിന് സ്ഥലം കണ്ടെത്തി സര്‍ക്കാരിന്റെ പ്രോജക്ട് നടപ്പിലാക്കണമെന്നുമാണ് തീരുമാനിച്ചത്. ഇതിന് വിരുദ്ധമായിട്ടാണ് ചില അംഗങ്ങള്‍ നിലപാട് സ്വീകരിച്ചതെന്നും ആക്ഷേപമുണ്ട്.