മാർത്തോമ്മ സഭ ഭദ്രാസന കേന്ദ്രത്തിൽ ഇതരസംസ്ഥാന തൊഴിലാളികൾക്കായി ക്രിസ്മസ് സംഗമം
1489779
Tuesday, December 24, 2024 7:32 AM IST
റാന്നി: മാർത്തോമ്മാ സഭ റാന്നി നിലയ്ക്കൽ ഭദ്രാസന കേന്ദ്രമായ തപോവനിലെ കലമണ്ണിൽ അച്ചൻ ഹാളിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കായി ക്രിസ്മസ് സംഗമം ഒരുക്കി. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള തൊഴിലാളികൾ ഒത്തുചേർന്നത് ഏവരിലും കൗതുകം ഉളവാക്കി. ഭാഷയുടെയും സംസ്കാരത്തിന്റെയും വിശ്വാസത്തിന്റെയും അതിരുകൾ ഭേദിച്ച് അവർ ഒന്നുചേർന്ന് ക്രിസ്മസ് സന്തോഷം പങ്കിട്ടു. ദൈവത്തിന്റെ നാട്ടിൽ നാം ഭാരതീയൻ ഒന്നാണെന്ന സന്ദേശം നൽകിയ സംഗമമായിരുന്നു ഇത്.
മാർത്തോമ്മാ സഭ റാന്നി നിലയ്ക്കൽ ഭദ്രാസന മിഷൻ ബോർഡിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഭദ്രാസന അധ്യക്ഷൻ ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത ഉദ്ഘാടനം നിർവഹിച്ചു.
റവ. കുര്യൻ ജോർജ് മുഖ്യപ്രഭാഷണം നടത്തി. ഭദ്രാസന സെക്രട്ടറി റവ. തോമസ് കോശി പനച്ചമൂട്ടിൽ, ട്രഷറർ അനു ഫിലിപ്പ്, മിഷൻ ബോർഡ് ചെയർമാൻ റവ. അലക്സാണ്ടർ തരകൻ, റവ. തോമസ് പി. കോശി, റേ ജോൺസ്, ആനി പി. ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.
ഹിന്ദി ഭാഷയാണ് പരിപാടികൾക്ക് മാധ്യമമായി ഉപയോഗിച്ചത്. റവ. തോമസ് വർഗീസ്, ജിതിൻ വർഗീസ് കുര്യൻ എന്നിവർ ഹിന്ദി ഗാനപരിശീലനത്തിന് നേതൃത്വം നൽകി. തൊഴിലാളികൾ നൃത്തച്ചുവടുകളോടെ ഗാനങ്ങൾ ആലപിച്ചു. വൈക്കം മാർത്തോമ്മ ഇടവകയുടെയും ഇടക്കുളം ബഥേൽ മാർത്തോമ്മ ഇടവകയുടെയും ഗായകസംഘങ്ങൾ ക്രിസ്മസ് ഗാനങ്ങൾ ആലപിച്ചു.
ബിഷപ്സ് സെക്രട്ടറി റവ.അരുൺ തോമസ്, മിഷൻ ബോർഡിന്റെ ഭാരവാഹികളായ ലിസ മറിയം ജോർജ്, ഫ്രെഡി ഉമ്മൻ, ബിനോ അത്യാൽ, ബിഞ്ചും ഏബ്രഹാം, അലക്സാണ്ടർ വർഗീസ് എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.