ബൈജുവിന്റെ കലാസൃഷ്ടി; കലഞ്ഞൂർ ഉദയാകവലയിൽ ഇന്ന് നക്ഷത്രമുയരും
1489780
Tuesday, December 24, 2024 7:32 AM IST
കലഞ്ഞൂർ: ക്രിസ്മസും പുതുവത്സരവും നാടിന് വേറിട്ടതാക്കാൻ കലഞ്ഞൂരിൽ കൂറ്റൻ നക്ഷത്രമൊരുങ്ങുന്നു. 55 അടി വീതം ഉയരവും അത്രയുംതന്നെ വീതിയുമുള്ള നക്ഷത്രം സംസ്ഥാന പാതയ്ക്കരികിൽ കലഞ്ഞൂർ ഉദയാ കവലയിലാണ് സ്ഥാപിക്കുന്നത്. കൂടൽ തുണ്ടിയത്ത് ബൈജു ഏബ്രഹാമാണ് കൂറ്റൻ നക്ഷത്രത്തിന്റെ നിർമാണത്തിലൂടെ ശ്രദ്ധേയനാകുന്നത്.
അഞ്ച് മാസം മുമ്പ് കൂടലിൽ കൂറ്റൻ വിമാന മാതൃക സൃഷ്ടിച്ച് വാർത്താ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു ബൈജുവും കുടുംബവും.
നക്ഷത്രത്തിനുള്ളിൽ 13 അടി ഉയരവും ആറടി വീതിയുമുള്ള പാചക, വിശ്രമ, പ്രദർശന സ്ഥലവും ക്രമീകരിക്കുന്നുണ്ട്. ഇവിടെ ക്രിസ്മസ് പുതുവത്സര കേക്ക് നിർമാണവും വിതരണവും നടക്കും. അങ്ങനെ ആരെയും ആകർഷിക്കുന്ന നക്ഷത്രമൊരുക്കാൻ തന്റെതന്നെ ജിആർ എൻജിനിയറിംഗ് കമ്പനിയിൽ സഹായികൾക്കൊപ്പം ഭാര്യ സുമി ബൈജു, മക്കളായ അഞ്ചാം ക്ലാസ് വിദ്യാർഥി ഗോഡ്സൺ, ഒന്നാം ക്ലാസിൽ പഠിക്കുന്ന ഗോഡ്ലിയ എന്നിവരും പങ്കാളിയായിട്ടുണ്ടെന്ന് ബൈജു പറഞ്ഞു.
ഇന്ന് വൈകുന്നേരം കെ.യു. ജനീഷ് കുമാർ എംഎൽഎ അടക്കം വിശിഷ്ടാതിഥികളുടെയും സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ നക്ഷത്രമുയർത്തൽ ചടങ്ങ് നടക്കും. സ്ക്വയർ ടൂബിൽ വെൽഡിംഗ് നടത്തി നിർമിച്ച കൂറ്റൻ നക്ഷത്രം പ്ലാസ്റ്റിക് പൊതിഞ്ഞ് അകംപുറം കാണുംവിധം വിവിധ വർണങ്ങൾ ചാർത്തിയാണ് ഇന്നു മുതൽ പുനലൂർ - മൂവാറ്റുപുഴ പാതയ്ക്കരികിൽ തല ഉയർത്താൻ പോകുന്നത്.