ശബരിമല കാനനപാതയിൽനിന്ന് വ്യാപാരികൾ പിന്മാറുന്നു
1489444
Monday, December 23, 2024 5:01 AM IST
കണമല: ശബരിമല കാനനപാതയിൽനിന്ന് വ്യാപാരികൾ പിന്മാറുന്നു. കാനനപാതയിൽ തീർഥാടക യാത്രയ്ക്ക് വിലക്കും സമയ നിയന്ത്രണവും ഏർപ്പെടുത്തിയതോടെ കച്ചവടം കുറഞ്ഞു തുടങ്ങി. ഇത് കൂടാതെ വനംവകുപ്പിന്റെ നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ അടുത്ത സീസണിൽ കച്ചവടത്തിനില്ലെന്ന് പറഞ്ഞ് മിക്കവരും ഇപ്പോൾ പിന്മാറിക്കൊണ്ടിരിക്കുകയാണ്.
കോവിഡ് കാലത്ത് പാത അടച്ച ശേഷം തുടർന്നുള്ള വർഷങ്ങളിൽ സീസൺ കച്ചവടം കനത്ത നഷ്ടം നിറയ്ക്കുന്ന നിലയെത്തി. ഇപ്പോൾ കച്ചവടം കഴിഞ്ഞു പാത ഇറങ്ങുന്നത് നഷ്ടം മാത്രമല്ല ദുരിതങ്ങൾ കൂടി സഹിച്ചാണെന്ന് കച്ചവടക്കാർ പറയുന്നു.
ചില്ലറയല്ല കഷ്ടപ്പാട്
ഷെഡ് കെട്ടാനുള്ള എല്ലാ സാധനങ്ങളും വ്യാപാരികൾ കൊണ്ടുവരണം. വനത്തിൽനിന്ന് ഒരു കമ്പ് പോലും എടുക്കാൻ പാടില്ല. ഒരു ചെറിയ ഷെഡ് പണിതീർക്കാൻ ഏറ്റവും കുറഞ്ഞത് അര ലക്ഷം രൂപയെങ്കിലും ചെലവാകും. ഇതിനുപുറമേ കുറഞ്ഞത് 15,000 രൂപയെങ്കിലും വനം വകുപ്പിന്റെ കീഴിലുള്ള കമ്മിറ്റിക്കു നൽകണം.
2,000 രൂപ പഞ്ചായത്ത് ലൈസൻസിന് കൊടുക്കണം. ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും അനുമതി സർട്ടിഫിക്കറ്റ് നേടണം. വനപാലകർക്ക് പിരിവ് നൽകണം. വില്പന സാധനങ്ങളെല്ലാം തലച്ചുമടായി എത്തിക്കണം. വെള്ളം വനത്തിൽനിന്ന് കിട്ടിയില്ലങ്കിൽ നാട്ടിൽനിന്നു കൊണ്ടുവരണം.
ശുചിമുറി സൗകര്യമില്ലാത്തതിനാൽ വനത്തെ ആശ്രയിക്കണം. വൈദ്യുതി ഇല്ലാത്തതിനാൽ രാത്രിയിൽ ബദൽ സംവിധാനം ഒരുക്കണം. ഇങ്ങനെ ഒട്ടേറെ വൈതരണികൾ മറികടന്നാണ് കച്ചവടം നടത്തേണ്ടത്.
മഴയായാൽ പാത അടയ്ക്കും
ഇത്തവണ ദിവസങ്ങളോളം മഴമൂലം പാത അടച്ചിട്ടിരുന്നു. ഈ ദിവസങ്ങളിൽ വനത്തിലെ വിജനമായ പാതയിൽ കച്ചവടക്കാർ അടുത്ത ദിവസം പാത തുറക്കുമെന്ന പ്രതീക്ഷയിൽ കഴിച്ചുകൂട്ടി. രാത്രിയിൽതീർഥാടക യാത്ര നിരോധിച്ചതിനാൽ കച്ചവടക്കാർ മാത്രമാണ് പാതയിൽ ഷെഡുകളിൽ കഴിയുക.
എപ്പോൾ വേണമെങ്കിലും ആനകൾ എത്തുന്ന ഈ ഷെഡുകളിൽ ജീവൻ അപകടത്തിലാകാതെ ഉറക്കമൊഴിച്ചാണ് കഴിയേണ്ടത്.
വന്യമൃഗഭീഷണി മുന്നിൽ
പലപ്പോഴും തീർഥാടകരും കച്ചവടക്കാരും കാട്ടാനകളുടെ ആക്രമണം നേരിടാറുണ്ട്. ആനകൾ ഷെഡുകൾ തകർത്ത ഒട്ടേറെ സംഭവങ്ങളുമുണ്ട്. ആന, പുലി, കാട്ടുപോത്ത്, കേഴ, മ്ലാവ്, ഉടുമ്പ്, പാക്കാൻ, അപൂർവമായി കരടി തുടങ്ങിയ ജീവികളും വിഹരിക്കുന്നു. ഇത് മുൻനിർത്തി രാവിലെ മുതൽ ഉച്ചവരെയേ തീർഥാടക സഞ്ചാരം അനുവദിച്ചിട്ടുള്ളൂ. ഈ സയത്തുള്ള കച്ചവടം മാത്രമാണ് ആകെയുള്ള പ്രതീക്ഷ.
പെട്ടെന്നുതന്നെ കാനനപാതയിൽ യാത്ര നടത്തേണ്ട നിലയിൽ കടുത്ത സമയ നിയന്ത്രണമായതോടെ അയ്യപ്പ ഭക്തർ കച്ചവടക്കാരുടെ ഷെഡുകളിൽ അധികം സമയം ചെലവിടില്ല. അതുകൊണ്ട് ഇത്തവണ കച്ചവടം തീരെ കുറഞ്ഞെന്ന് കച്ചവടക്കാർ പറയുന്നു.
ദശാബ്ദങ്ങളുടെ പഴക്കം
പരമ്പരാഗത കാനനപാതയ്ക്ക് നിലവിലുള്ള വാഹനപാതയേക്കാൾ ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. എരുമേലിയിൽനിന്ന് ആരംഭിച്ച് പേരൂർത്തോട്, ഇരുമ്പൂന്നിക്കര, കോയിക്കക്കാവ്, കാളകെട്ടി,അഴുത, കല്ലിടാംകുന്ന്, കരിമല, വലിയാനവട്ടം, ചെറിയാനവട്ടം വഴിയാണു തീർഥാടകർ നടന്നു ശബരിമലയിൽ എത്തുന്നത്.
200ൽപരം കച്ചവട ഷെഡുകളാണ് പമ്പ വരെ പാതയിലുള്ളത്. വനംവകുപ്പിനു കീഴിലുള്ള ഇക്കോ ഡെവലപ്മെന്റ് സൊസൈറ്റി, വനസംരക്ഷണ സമിതി എന്നിവയുടെ നേതൃത്വത്തിലാണ് കടകൾ നടത്താൻ അനുമതി നൽകുന്നത്.