റെയില്‍വേ സ്റ്റോപ്പ് പുനര്‍നിര്‍ണയം: തിരുവല്ലയ്ക്കു വീണ്ടും അവഗണന
1489429
Monday, December 23, 2024 4:49 AM IST
തിരുവല്ല: ട്രെയിനുകളുടെ സ്റ്റോപ്പിനുവേണ്ടി മുറവിളി കൂട്ടുന്ന തിരുവല്ലയോടും സമീപ സ്റ്റേഷനുകളോടുമുള്ള സമീപനങ്ങളില്‍ ഇരട്ടത്താപ്പ് തുടരുന്നു. പത്തനംതിട്ട ജില്ലയിലെ ഏക റെയില്‍വേ സ്റ്റേഷനെന്ന പരിഗണനപോലും ലഭിക്കാത്ത തിരുവല്ലയോടുള്ള അവഗണന തുടരുന്നു.
മലബാര്‍ മേഖലയില്‍നിന്നുള്ള രാത്രികാല തിരുവനന്തപുരം ട്രെയിനുകള്‍ തിരുവല്ലയില്‍ നിര്‍ത്തുന്നില്ലെന്നാണ് പ്രധാന പരാതി. ഇതുകൂടാതെ ചില വീക്ക്ലി എക്സ്പ്രസുകള്‍ക്കും വിവേക് എക്സ്പ്രസിനും വന്ദേഭാരതിനും സ്റ്റോപ്പില്ല.
കോവിഡ് കാലത്ത് തിരുവല്ലയിലെ സ്റ്റോപ്പ് എടുത്തുകളഞ്ഞ മംഗളൂരു - തിരുവനന്തപുരം എക്സ്പ്രസ്, മധുര - തിരുവനന്തപുരം അമൃത എക്സ്പ്രസ്, നിലമ്പൂര്‍ - തിരുവനന്തപുരം സൗത്ത് രാജ്യറാണി ട്രെയിനുകള്‍ക്കാണ് പ്രധാനമായും സ്റ്റോപ്പ് പുനഃസ്ഥാപിക്കാത്തത്. ഈ ട്രെയിനുകള്‍ വടക്കോട്ടുള്ള യാത്രയില്‍ തിരുവല്ല സ്റ്റോപ്പുണ്ട്. മടക്കയാത്രയില്‍ സമീപ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് പുനഃസ്ഥാപിച്ചതാണ്.
മുമ്പ് ശബരിമല തീര്‍ഥാടനകാലത്ത് എല്ലാ ട്രെയിനുകളും തിരുവല്ലയില്‍ നിര്‍ത്തുമായിരുന്നു. ഇക്കുറി അതുമുണ്ടായിട്ടില്ല. പത്തനംതിട്ട ജില്ലയിലെ ഏക റെയില്‍വേ സ്റ്റേഷനാണ് തിരുവല്ല. വരുമാനത്തിന്റെ കാര്യത്തിലും മുന്‍നിരയിലാണ്. എല്ലാ ജില്ലയിലും ഒരു സ്റ്റോപ്പ് എന്നനിലയില്‍ വന്ദേഭാരതിന് തിരുവല്ലയില്‍ സ്റ്റോപ്പ് അനുവദിക്കേണ്ടതാണ്. എന്നാല്‍ ഇതുണ്ടായില്ല.
ബി ഗ്രേഡില്‍പ്പെട്ട സ്റ്റേഷനുകളില്‍ സ്റ്റോപ്പുള്ള ട്രെയിനുകള്‍ വരുമാനത്തില്‍ എ ഗ്രേഡായി കണക്കാക്കുന്ന തിരുവല്ലയുടെ കാര്യത്തില്‍ ഇരട്ടത്താപ്പ് തുടരുകയാണ്. ഇതിനെതിരേ ശക്തമായ സമ്മര്ദമുണ്ടാകുന്നില്ലെന്നു മാത്രമല്ല, ലാഭത്തിന്റെ പേരില്‍ കൂടുതല്‍ ട്രെയിനുകളുടെ സ്റ്റോപ്പ് തിരുവല്ലയില്‍ നിന്നെടുത്തുകളയാനുള്ള ശ്രമവുമുണ്ട്.
തിരുവല്ലയില്‍ സ്റ്റോപ്പിനുവേണ്ടി നിവേദനം നല്‍കുമ്പോഴെല്ലാം സ്റ്റോപ്പുകള്‍ തമ്മിലുള്ള അന്തരം, ട്രെയിനുകളുടെ റണ്ണിംഗ് സമയം, യാത്രക്കാരുടെ എണ്ണം തുടങ്ങി നിരവധി പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നത്. എന്നാല്‍ മറ്റു സ്റ്റേഷനുകള്‍ക്കൊന്നും ഇതു ബാധകമായിട്ടില്ല.
പത്തനംതിട്ട ജില്ലയിലെ ഏക റെയില്‍വേ സ്റ്റേഷനെന്ന നിലയില്‍ പത്തനംതിട്ട, റാന്നി, കോഴഞ്ചേരി, കുമ്പനാട്, മല്ലപ്പള്ളി, നിരണം, പരുമല തുടങ്ങിയ പ്രദേശങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ തിരുവല്ലയിലേക്കാണെത്തുന്നത്.