ക്രിമിനല്‍ കേസുകളിലെ പ്രതി ജീവനൊടുക്കി; സുഹൃത്തുക്കള്‍ മദ്യലഹരിയില്‍ അഴിഞ്ഞാടി
1489019
Sunday, December 22, 2024 4:36 AM IST
പത്തനംതിട്ട: നിരവധി ക്രിമിനല്‍ കേസുകളില്‍പ്പെട്ട പ്രതി ആത്മഹത്യ ചെയ്തതിനേത്തുടര്‍ന്ന് ഇയാളുടെ സംസ്കാരചടങ്ങില്‍ പങ്കെടുത്തുമടങ്ങിയ സുഹൃത്തുക്കള്‍ മദ്യലഹരിയില്‍ റോഡില്‍ അഴിഞ്ഞാടി.
സംഭവവുമായി ബന്ധപ്പെട്ട് കൊടുമണ്‍ അങ്ങാടിക്കല്‍ നോര്‍ത്ത് പിസികെ ലേബര്‍ ലൈനില്‍ ബി. അര്ജുന് (25), ഇടത്തിട്ട ചാരുങ്കല്‍ വീട്ടില്‍ ഷമീന്‍ ലാല്‍ (27), കൂടല്‍ നെടുമണ്‍കാവ് പിസികെ ചന്ദനപ്പള്ളി എസ്റ്റേറ്റില്‍ ആനന്ദ് (25), വള്ളിക്കോട് വെള്ളപ്പാറ മുകളുപറമ്പില്‍ അരുണ്‍ (29), ഓമല്ലൂര്‍ ചീക്കനാല്‍ മേലേപ്പുറത്ത് വീട്ടില്‍ ബിപിന്‍ കുമാര്‍ (30), കൊടുമണ്‍ ഇടത്തിട്ട ഐക്കരേത്ത് മുരുപ്പേല്‍ അബിന്‍ (21) എന്നിവർ അറസ്റ്റിലായി.
ഇവരോടൊപ്പം നാലുപേര്‍ കൂടി സംഘത്തില്‍ ഉണ്ടായിരുന്നു, ഇവര്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചു. വെള്ളിയാഴ്ച രത്രി 8.30ന് കൊടുമണ്‍ ഇടത്തിട്ടയിലാണ് സംഭവം. കൊടുമണ്‍ പോലീസ് സ്റ്റേഷനില്‍ പതിനാലോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയും നിരന്തരം പ്രശ്നങ്ങള്‍ സൃഷ്ടിച്ചിട്ടുള്ളയാളുമായ അതുല്‍ പ്രകാശ് കഴിഞ്ഞദിവസം തൂങ്ങി മരിച്ചിരുന്നു.
ഇയാളുടെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുത്ത ശേഷം സുഹൃത്തുക്കളായ യുവാക്കളുടെ സംഘം മദ്യപിച്ച് ബഹളമുണ്ടാക്കുകയും ഇടത്തിട്ട കാവുംപാട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം ഏഴംകുളം കൈപ്പട്ടൂര്‍ റോഡില്‍ ആയുധങ്ങളുമായി ഗതാഗതം തടയുകയും അക്രമം അഴിച്ചു വിടുകയും ചെയ്തിരുന്നു.
ക്ഷേത്രദര്‍ശനത്തിനു പോയവരെ മദ്യലഹരിയില്‍ അസഭ്യം പറയുകയും വീടുകള്‍ക്ക് നേരെ കല്ലെറിയുകയും ചെയ്ത സംഘത്തെ സംഭവമറിഞ്ഞു സ്ഥലത്തെത്തിയ പോലീസ് ഇന്‍സ്പെക്ടര്‍ പി. വിനോദിന്റെ നേതൃത്വത്തില്‍ തടയുകയായിരുന്നു.
എന്നാല്‍ പ്രതികള്‍ പോലീസ് ഉദ്യോഗസ്ഥരെ അസഭ്യംവിളിച്ചുകൊണ്ട് ആക്രമിക്കാന്‍ ശ്രമിക്കുകയും തള്ളിമാറ്റി രക്ഷപ്പെടുകയും ചെയ്തു. ഇവരെ പിടികൂടാന്‍ പിന്നാലെ ഓടിയ പോലീസിനെ തിരിഞ്ഞുനിന്ന് കല്ലെറിഞ്ഞ സംഘത്തെ പോലീസ് പിന്തുടര്ന്ന് ശ്രമകരമായി കീഴടക്കുകയായിരുന്നു.
അടൂര്‍ ഡിവൈഎസ്പി ജി. സന്തോഷ്, പോലീസ് ഇന്‍സ്പെക്ടര്‍ പി. വിനോദ്, എഎസ്ഐ നൗഷാദ്, എസ്സിപിഒ അനൂപ്, സിപിഒമാരായ എസ്.പി. അജിത്ത്, സുരേഷ്, അനൂപ്, ജോണ്‍ ദാസ് എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്. പ്രതികളെല്ലാം മുമ്പും ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്ന പോലീസ് പറഞ്ഞു.