ശബരിമലയിൽ മണ്ഡലപൂജയ്ക്ക് ക്രമീകരണം; രണ്ടുദിവസം വെർച്വൽ ക്യൂ നിയന്ത്രണം
1489023
Sunday, December 22, 2024 4:47 AM IST
ശബരിമല: മണ്ഡല മഹോത്സവവുമായി ബന്ധപ്പെട്ട് ശബരിമലയിൽ ഭക്തജനത്തിരക്ക് നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി 25, 26 തീയതികളിൽ വെർച്വൽ ക്യൂ, തത്സമയ ബുക്കിംഗുകളിൽ ക്രമീകരണം.
തങ്കഅങ്കി ഘോഷയാത്ര ശബരിമല സന്നിധാനത്ത് എത്തുന്ന 25ന് 50,000 തീർഥാടകരെയും മണ്ഡലപൂജാ ദിവസമായ 26ന് 60,000 തീർഥാടകരെയുമാണ് വെർച്വൽ ക്യൂ വഴി ദർശനത്തിന് അനുവദിക്കുകയെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് വ്യക്തമാക്കി.
ഈ രണ്ടുദിവസങ്ങളിലും 5000 തീർഥാടകരെ വീതമായിരിക്കും തത്സസമയ ഓൺലൈൻ ബുക്കിംഗിലൂടെ ദർശനത്തിന് അനുവദിക്കുക.
തിരക്ക് വർധിച്ചു
മണ്ഡലമഹോത്സവം സമാപനദിനങ്ങളിലേക്ക് എത്തിയതോടെ ശബരിമലയിൽ പ്രതിദിനം എത്തുന്ന ഭക്തരുടെ എണ്ണത്തിൽ വീണ്ടും വർധന. വെള്ളിയാഴ്ച 96,853 പേരാണ് ശബരിമലയിലെത്തിയത്. സ്പോട്ട് ബുക്കിങ്ങിലൂടെ മാത്രം 22,203 പേരെത്തി.
വെർച്വൽ ക്യൂ വഴി 70,000 ബുക്കിംഗാണ് അനുവദിച്ചത്. പുൽമേട് വഴി 3,852 പേരും എത്തി. വ്യാഴാഴ്ച 96,007 ഭക്തരാണ് ശബരിമല ദർശനത്തിനെത്തിയത്. തുടർച്ചയായ രണ്ടാം ദിവസമാണ് സ്പോട്ട് ബുക്കിംഗ് 22,000 കടക്കുന്നത്. 22,121 പേരാണ് വ്യാഴാഴ്ച സ്പോട്ട് ബുക്കിങ്ങിലൂടെ എത്തിയത്.
ഭക്തജനത്തിരക്കേറുമ്പോഴും അധിക നിയന്ത്രണങ്ങൾ ഒന്നുംതന്നെ ഏർപ്പെടുത്താതെ സുഗമദർശനം സാധ്യമാക്കാൻ കഴിയുന്നുണ്ട്. മണ്ഡലപൂജയ്ക്കു ശേഷം 26ന് രാത്രിയാണ് നട അടയ്ക്കുന്നത്. പിന്നീട് മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറക്കും.
ഒരു എമർജൻസി മെഡിക്കൽ സെന്റർകൂടി ആരംഭിക്കും
ശബരില: അടിയന്തര വൈദ്യസഹായത്തിന് ചന്ദ്രാനന്ദൻ റോഡിൽ മരക്കൂട്ടത്തിനും സന്നിധാനത്തിനും ഇടയിൽ ഒരു എമർജൻസി മെഡിക്കൽ സെന്റർകൂടി ആരംഭിക്കാൻ സന്നിധാനം സ്പെഷൽ ഓഫീസർ ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ വിളിച്ചുചേർത്ത വിവിധ വകുപ്പുകളുടെ ഉന്നതതല യോഗത്തിൽ നിർദേശം.
സ്ഥലം കണ്ടെത്തി നൽകാൻ ദേവസ്വം ബോർഡിനെ ചുമതലപ്പെടുത്തി. എൻഡിആർഎഫ്, ഫയർ ഫോഴ്സ്, ദേവസ്വം ബോർഡ്, വോളണ്ടിയർമാർ തുടങ്ങിവരുടെ വിവിധയിടങ്ങളിലായി കേന്ദ്രീകരിച്ചിട്ടുള്ള സ്ട്രക്ചർ യൂണിറ്റുകൾ തമ്മിലുള്ള ഏകോപനം കൂടുതൽ മെച്ചപ്പെട്ടതാക്കാനും ലഭ്യമായ 300 സ്ട്രക്ചറുകളുടെ സേവനം പരമാവധി ലഭ്യമാക്കാനും ഡ്യൂട്ടി മജിസ്ട്രേറ്റിനെ ചുമതലപ്പെടുത്തി.
ഭസ്മക്കുളത്തിനു സമീപം ക്ളോറിനേഷൻ നടപടികൾ ഊർജിതമാക്കാൻ ദേവസ്വം ബോർഡ് പരിസ്ഥിതി എൻജിനിയർക്കു നിർദേശം നൽകി. സന്നിധാനത്തെ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും ആളുകൾ അപകടകരമായി അതിക്രമിച്ചു കയറുന്നില്ല എന്ന് ഉറപ്പുവരുത്താനും സന്നിധാനം എസ്എച്ച്ഒയ്ക്കു നിർദേശം നൽകി.
പുല്ലുമേടുവഴി വരുന്ന തീർഥാടകർ രാത്രി ഏഴിനു മുമ്പ് ഉരൽക്കുഴി ചെക്പോസ്റ്റിലെത്തുമെന്ന് ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് വനംവകുപ്പിനു നിർദേശം നൽകി. ഇതുസംബന്ധിച്ചുള്ള അറിയിപ്പുബോർഡുകൾ ബന്ധപ്പെട്ട സ്ഥലങ്ങളിൽ സ്ഥാപിക്കും.