ക്രിസ്മസ് ആഘോഷം തടസപ്പെടുത്തിയ നടപടി ആവർത്തിക്കരുത്: കെസിസി
1489432
Monday, December 23, 2024 4:49 AM IST
തിരുവല്ല: എല്ലാ മതങ്ങള്‍ക്കും അവരവരുടെ മതപരമായ വിശ്വാസ സംരക്ഷണത്തിനും ആചാരങ്ങള്‍ക്കും സ്വാതന്ത്ര്യമുള്ള മതേതര ഭാരതത്തില്‍ ക്രിസ്മസ് ആഘോഷം തടയുന്നതിനുള്ള ശ്രമം ഭാരതത്തിന്റെ ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്ന് കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്. എല്ലാ മതങ്ങളുടെ ആഘോഷങ്ങള്‍ക്കും തുല്യപ്രാധാന്യം നല്കുന്ന സംസ്കാരമാണ് ഭാരതത്തിലുള്ളത്.
പ്രധാനമന്ത്രിപോലും ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുക്കുന്ന രാജ്യത്ത് പാലക്കാട് നല്ലേപ്പിള്ളി സ്കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദുപരിഷത്തിലെ ചിലരുടെ മതതീവ്രവാദ നിലപാടില്‍ കെസിസി പ്രതിഷേധിച്ചു.
തീവ്രവാദവും അക്രമ പ്രവണതയും രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളും ആരുടെ ഭാഗത്തുനിന്നുണ്ടായാലും മതമോ രാഷ്ട്രീയമോ നോക്കാതെ ശക്തമായ നടപടികള്‍ സ്വീകരിക്കുവാന്‍ സര്‍ക്കാരും പൊതുസമൂഹവും തയാറാകണമെന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് പി. തോമസ് അഭിപ്രായപ്പെട്ടു.