കോട്ടാങ്ങലിലെ കിഴക്കൻ മേഖല അവഗണനയിൽ
1489029
Sunday, December 22, 2024 4:47 AM IST
ചുങ്കപ്പാറ: കൊട്ടാങ്ങൽ ഗ്രാമ പഞ്ചായത്തിലെ ഒമ്പത്, പത്ത്, ആറ്, എട്ട് വാർഡുകൾ ഉൾപ്പെടുന്ന കിഴക്കൻ പ്രദേശങ്ങൾ അവഗണനയിൽ. ചുങ്കപ്പാറ, കോട്ടാങ്ങൽ, നിർമലപുരം, മാരംകുളം, കിടി കെട്ടിപ്പാറ, നാഗപ്പാറ, മുഴയമുട്ടം തോട്ടത്തുങ്കുഴി, പുളിക്കമ്പാറ, വഞ്ചികപ്പാറ പ്രദേശങ്ങളാണ് അവഗണന നേരിടുന്നത്.
പ്രദേശവാസികളുടെ വിവിധ ആവശ്യങ്ങൾ പരിഹരിക്കുന്നതിന് ജനപ്രതിനിധികൾ ഇടപെടുന്നില്ലെന്നാണ് പ്രധാന പരാതി.കൃഷി, ക്ഷീരമേഖലകൾ തളർച്ചയിലായതോടെ ഈ പ്രദേശങ്ങളിലുള്ളവരുടെ വരുമാനമാർഗം നിലച്ച മട്ടാണ്.
വന്യമൃഗശല്യമാണ് ഇതിനു പ്രധാന കാരണം. കാട്ടുപന്നി, കുരങ്ങ്, കുറുനരി, മയിൽ തുടങ്ങിയവയുടെ രൂക്ഷമായ ശല്യമാണ് ഈ മേഖലയിലുണ്ടാകുന്നത്. കാർഷികവൃത്തി ഉപജീവനമായിരുന്നവർ ഇത് ഉപേക്ഷിച്ച മട്ടാണ്. ക്ഷീരകർഷകരെയും ഇതു ബാധിച്ചു.
പ്രദേശത്ത് അനുഭവിക്കുന്ന കുടിവെള്ളക്ഷാമത്തിനും പരിഹാരമില്ല. ജൽജീവൻ പദ്ധതിയുമായി ബന്ധപ്പെട്ടു പ്രഖ്യാപനം നടന്നതല്ലാതെ വെള്ളം എത്തിയിട്ടില്ല. ഒരുമാസം കൂടി കഴിയുന്പോഴേക്കും രൂക്ഷമായ വരൾച്ചയുടെ പിടിയിലാകുന്ന പ്രദേശങ്ങളാണിവ. മാരംകുളം-നിർമലപുരം വികസനം അടക്കമുള്ള പ്രശ്നങ്ങളും പരിഹരിച്ചിട്ടില്ല.
വന റോഡിലെ പുട്ടുകട്ട പാകൽ, ചുങ്കപ്പാറ ജംഗ്ഷനിലും ബസ് സ്റ്റാൻഡിലും ഹൈമാസ്റ്റ് വിളക്കുകൾ പ്രകാശിപ്പിക്കുക, ഗവൺമെന്റ് ആയുർവേദ ആശുപത്രിയുടെ വികസന പ്രവർത്തനങ്ങൾഎന്നിവയും പരിഹാരമില്ലാത്ത പ്രശ്നങ്ങളാണ്.
കോട്ടാങ്ങൽ പഞ്ചായത്തിലെ എല്ലാ പ്രദേശങ്ങളുടെയും വികസനം ഉറപ്പാക്കാൻ ജനപ്രതിനിധികൾ ശ്രദ്ധിക്കണമെന്ന് ചുങ്കപ്പാറ-നിർമലപുരം ജനകീയ വികസന സമിതി യോഗം ആവശ്യപ്പെട്ടു. സമിതി പ്രസിഡന്റ് ജോസി ഇലഞ്ഞിപ്പുറം അധ്യക്ഷത വഹിച്ചു.
ഭാരവാഹികളായ സോണി കെ. യു. കൊട്ടാരം, ബിറ്റോ മാപ്പൂര്, ഫിലിപ്പ് മോടിയിൽ, രാജൻ മേടക്കൽ, ജോയി പീടികയിൽ, ബാബു പുലിത്തിട്ട, രാജു നാഗപ്പാറ, തോമസുകുട്ടി വേഴമ്പതോട്ടം തുടങ്ങിയവർ പ്രസംഗിച്ചു.