വൈദ്യുതി നിരക്ക് വർധന വ്യവസായ മേഖലയെ തളർത്തി: അസോസിയേഷൻ
1489024
Sunday, December 22, 2024 4:47 AM IST
പത്തനംതിട്ട: വൈദ്യുതി നിരക്കുകളിൽ അടിക്കടി ഉണ്ടാകുന്ന വർധന വ്യവസായ മേഖലയെ അപ്പാടെ ദുരിതത്തിലാക്കിയതായി കേരള സ്റ്റേറ്റ് സ്മോൾ ഇൻഡസ്ട്രീസ് അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
നഷ്ടം നികത്താനെന്നപേരിൽ ഉപഭോക്താവിന്റെ താത്പര്യങ്ങളെയും നിലനില്പിനെയുംതന്നെ അപകടത്തിലാക്കുന്നവിധത്തിലാണ് ചാർജ് വർധന. മീറ്റർ വാടക, ഫിക്സഡ് ചാർജ്, സർവീസ് ചാർജ്, സർ ചാർജ്, ഓട്ടോ റിക്കവറി എന്നിങ്ങനെ വിവിധ തരത്തിലാണ് നിരക്ക് വർധന നടപ്പാക്കുന്നത്.
നൽകുന്ന സേവനവുമായി യാതൊരു വിധത്തിലും നീതിപുലർത്താതെയാണ് ചാർജുകൾ വർധിപ്പിക്കുന്നത്. വോൾട്ടേജ് വ്യതിയാനം, തുടർച്ചയായി വൈദ്യുതി മുടങ്ങൽ എന്നിവ വ്യവസായ എസ്റ്റേറ്റുകളിൽ നിത്യസംഭവമാണ്.
ഇതൊന്നും യഥാസമയം പരിഹരിക്കാറില്ല. ചെറുകിട വ്യവസായ മേഖല ഇപ്പോൾ തകർച്ചയുടെ വക്കിലാണ്. പുതിയ വൈദ്യുതി നിരക്കുകൂടി നിലവിൽ വന്നതോടെ വ്യവസായ മേഖല വൻ നഷ്ടത്തിലേക്ക് നീങ്ങുകയാണ്. വൈദ്യുത ചാർജ് വർധന പൂർണമായും പിൻവലിക്കാൻ സർക്കാർ തയാറാകണം.
ചെറുകിട വ്യവസായ മേഖലയ്ക്കു വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ സർക്കാർ തയാറല്ലാത്തതിനാൽ ഈ മേഖല വലിയ പ്രതിസന്ധി നേരിടുന്നതായും ഭാരവാഹികൾ പറഞ്ഞു.
പത്രസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് റെജി വി. സാമുവൽ, സെക്രട്ടറി ഫിലിപ്പ് കെ. ജോൺ, ട്രഷറർ പി. ശിവ പ്രസാദ്, ജെ. സുനിൽ, ജിജു, പ്രദീപ് എന്നിവർ പങ്കെടുത്തു.