പൈപ്പ് പൊട്ടി; റോഡ് തകർന്നു
1488775
Saturday, December 21, 2024 4:20 AM IST
പണി പൂർത്തിയായിട്ട് ഒരു മാസം
പത്തനംതിട്ട: പണി പൂർത്തിയായിട്ട് ഒരുമാസം മാത്രമായ റോഡ് തകർന്നു. സംസ്ഥാന പാതയായ ടികെ റോഡിൽ ജോസ്കോ ജംഗ്ഷനു സമീപം പൈപ്പ് പൊട്ടിയ ഭാഗത്താണ് റോഡ് തകർന്നത്. പൈപ്പ് പൊട്ടിയഭാഗം കുഴി രൂപപ്പെട്ടതിനു പിന്നാലെ ഇരുചക്രവാഹന യാത്രക്കാരി ഇതിൽ മറിഞ്ഞുവീഴുകയും ചെയ്തു.
ഈ ഭാഗത്തു സ്ഥിരമായി പൈപ്പ് പൊട്ടുന്നതിന്റെ ഭാഗമായാണ് റോഡ് ഇളകിയത്. കഴിഞ്ഞ ദിവസം ഈ ഭാഗം വെട്ടിപ്പൊളിച്ച് ജല അഥോറിറ്റി അധികൃതർ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. പിന്നീട് മണ്ണിട്ട് കുഴിമൂടിയിരുന്നുവെങ്കിലും വെള്ളം ഒഴുകിയതിനേതുടർന്ന് മണ്ണെല്ലാം ഒലിച്ചുപോയി, റോഡിൽ വീണ്ടും വലിയ കുഴി രൂപപ്പെട്ടു.
സെന്റ് പീറ്റേഴ്സ്-സെൻട്രൽ ജംഗ്ഷൻ റോഡിൽ പലഭാഗത്തും റോഡ് ഒരേ നിലയിൽ അല്ല ടാർചെയ്തിട്ടുളളത്. പലഭാഗവും താഴ്ന്നുകിടക്കുന്നതിനാൽ യാത്രക്കാർക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. കെഎസ്ആർടിസി-മൈലപ്ര റോഡിലും സമാനമായ രീതിയിൽകുഴികൾ രൂപപ്പെട്ടിട്ടുണ്ട്.