ചോദ്യപേപ്പർ സ്കൂൾ തലത്തിൽ തയാറാക്കാനുള്ള നിർദേശം വിവാദത്തിൽ
1488659
Friday, December 20, 2024 7:42 AM IST
പത്തനംതിട്ട: ചോർച്ചയിലും വിവാദത്തിലുമായ ക്രിസ്മസ് പരീക്ഷയ്ക്ക് അധ്യാപകർ തന്നെ ചോദ്യം തയാറാക്കി നൽകാനുള്ള പുതിയ ഉത്തരവും പുലിവാലായി. തിരുവല്ല താലൂക്കിൽ കഴിഞ്ഞ 13നു ചക്കുളത്തുകാവ് പൊങ്കാലയുടെ പ്രാദേശിക അവധി കാരണം മാറ്റിവയ്ക്കേണ്ടിവന്ന പരീക്ഷയുടെ ചോദ്യപേപ്പറാണ് അധ്യാപകർ തന്നെ തയാറാക്കി നൽകാൻ വിദ്യാഭ്യാസ വകുപപ ഉത്തരവിറക്കിയത്. നാളെയാണ് പരീക്ഷ. പരീക്ഷകളുടെ ചോദ്യങ്ങൾ അധ്യാപകർ സ്കൂൾ തലത്തിൽ തന്നെ തയാറാക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്.
ഓണം, ക്രിസ്മസ് പരീക്ഷകൾക്കു പൊതുസ്വഭാവം കൈവന്നതിനു പിന്നാലെ എല്ലാ പരീക്ഷകൾക്കും മൂന്നുസെറ്റ് വീതം ചോദ്യപേപ്പർ തയാറാക്കാറുണ്ട്. ഏതെങ്കിലും സാഹചര്യത്തിൽ പരീക്ഷ മാറ്റിവച്ചാൽ മുൻകൂട്ടി തയ്യാറാക്കിയ ചോദ്യങ്ങളുടെ സോഫ്റ്റ് കോപ്പി സ്കൂളുകൾക്ക് കൊടുക്കുകയാണ് പതിവ്. എസ്എസ്കെ സംസ്ഥാന ഓഫീസിൽ നിന്ന് ഇത്തരത്തിൽ ചോദ്യപേപ്പർ എത്തിക്കേണ്ടതാണ്. എന്നാൽ ഇതിനു കടകവിരുദ്ധമായാണ് തിരുവല്ല താലൂക്കിലെ സ്കൂളുകൾക്കു ലഭിച്ചിരിക്കുന്ന നിർദേശം.
ഹയർ സെക്കൻഡറിയിലെ ചോദ്യപേപ്പർ ചോർച്ചയ്ക്കു പിന്നാലെ പരീക്ഷകൾ വളരെ ലാഘവത്തോടെ കൈകാര്യം ചെയ്യുന്നുവെന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ഈസംഭവമെന്ന് കെപിഎസ്ടിഎ ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോർജ്, സെക്രട്ടറി എസ്. പ്രേം എന്നിവർ അഭിപ്രായപ്പെട്ടു.