വനം നിയമം ഭേദഗതി പിൻവലിക്കണമെന്ന് പ്രമോദ് നാരായൺ
1488657
Friday, December 20, 2024 7:42 AM IST
റാന്നി: വനം നിയമ ഭേദഗതി കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുണ്ടായിട്ടുള്ള ആശങ്കകൾ പരിഹരിക്കുന്നതിന് മുഖ്യമന്ത്രി ഇടപെടണമെന്ന് പ്രമോദ് നാരായൺ എംഎൽഎ.
ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകുമെന്നും എംഎൽഎ അറിയിച്ചു.
വനാതിർത്തിയിൽ മാത്രമല്ല, കേരളത്തിൽ എവിടെയും താമസിക്കുന്നവരെ വാറന്റില്ലാതെ അറസ്റ്റ് ചെയ്യാനും കസ്റ്റഡിയിലെടുക്കാനും വനംവകുപ്പിന് അധികാരം നൽകുന്നതാണ് പുതിയ നിയമ ഭേദഗതി. ഇതംഗീകരിക്കാനാകില്ലെന്നും നിലവിൽ കാട്ടു മൃഗങ്ങളുടെ ആക്രമണം ജനജീവിതത്തെയാകെ ദുഃസഹമാക്കിയിരിക്കുകയാണെന്നും എംഎൽഎ പറഞ്ഞു. കാട്ടുമൃഗങ്ങൾ മനുഷ്യജീവനു ഭീഷണിയാണെന്നതു മാത്രമല്ല ഒരു തുണ്ട് ഭൂമിയിൽപോലും കൃഷി ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. കാർഷികവൃത്തിയെ ആശ്രയിച്ചു കഴിഞ്ഞിരുന്ന മലയോര മേഖലയിലെ ജനങ്ങൾ കാട്ടുമൃഗങ്ങളുടെ ആക്രമണം കാരണം കൃഷി ഉപേക്ഷിച്ച മട്ടാണ്.
നിയമങ്ങളിലെ കടുത്ത നടപടികൾ ജനങ്ങളെ ഇപ്പോൾത്തന്നെ ദുരിതത്തിലാക്കിയിരിക്കുകയാണ്. വന്യജീവി ആക്രമണങ്ങൾ വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ നിലവിലെ വനം വന്യജീവി നിയമങ്ങൾ ജനങ്ങൾക്ക് കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കിയിരിക്കുകയാണ്. പുതിയ ഭേദഗതികൂടി വന്നാൽ ജനജീവിതം കൂടുതൽ ദുരിതത്തിലാകുമെന്നും കരടു വിജ്ഞാപനം പിൻവലിക്കുകതന്നെ വേണമെന്നും പ്രമോദ് നാരായൺ അഭിപ്രായപ്പെട്ടു.