തോട്ടപ്പുഴശേരിയിൽ സിപിഎം അംഗങ്ങൾ വിപ്പ് ലംഘിച്ചു; അവിശ്വാസത്തിലൂടെ പ്രസിഡന്റും വൈസ് പ്രസിഡന്റും പുറത്ത്
1488658
Friday, December 20, 2024 7:42 AM IST
കോഴഞ്ചേരി: പാർട്ടി വിപ്പ് ലംഘിച്ച് സിപിഎം അംഗങ്ങൾ അവിശ്വാസത്തെ പിന്തുണച്ചു, തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരേയുള്ള അവിശ്വാസം പാസായി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എസ്. ബിനോയി, വൈസ് പ്രസിഡന്റ് ഷെറിന് റോയി എന്നിവരാണ് അവിശ്വാസത്തിലൂടെ പുറത്തായത്. അവിശ്വാസപ്രമേയ ചര്‍ച്ച നടക്കുന്ന പഞ്ചായത്തുയോഗത്തില് നിന്ന് വിട്ടുനിൽക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു പാർട്ടി അംഗങ്ങൾക്ക് വിപ്പ് നൽകിയിരുന്നു. എന്നാൽ സിപിഎമ്മിലെ അഞ്ച് അംഗങ്ങളില്‍ നാലുപേരും അവിശ്വാസത്തെ അനുകൂലിച്ച് വോട്ട് ചെയ്തതോടെ പ്രസിഡന്റും വൈസ് പ്രസിഡന്റും പുറത്താകുകയായിരുന്നു.
ഇതോടൊപ്പം കോണ്‍ഗ്രസിലെ മൂന്ന് അംഗങ്ങളും അവിശ്വാസത്തെ പിന്തുണച്ചു. 13 അംഗ പഞ്ചായത്ത് കമ്മിറ്റിയിലെ ഏഴുപേര്‍ അവിശ്വാസപ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. നേരത്തെ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരേയുള്ള അവിശ്വാസ നോട്ടീസിൽ ഒപ്പുവച്ച എല്ലാ മെംബർമാരും പ്രമേയത്തെ അനുകൂലിക്കുകയും ചെയ്തു.
ബിജെപിയിലെ മൂന്ന് അംഗങ്ങളും പ്രസിഡന്റ് ബിനോയി ചരിവുപുരയിടത്തില്‍, വൈസ് പ്രസിഡന്റ് ഷെറിന് റോയി, സിപിഎമ്മിലെ അജിത ടി. ജോര്‍ജ് എന്നിവര്‍ യോഗത്തില്‍നിന്ന് വിട്ടുനിന്നു.
കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം തോട്ടപ്പുഴശേരി ലോക്കല്‍ കമ്മിറ്റി അംഗവുമായ ആര്. കൃഷ്ണകുമാര്‍, നെടുന്പ്രയാര് ബ്രാഞ്ച് സെക്രട്ടറി റെന്സിന് കെ. രാജന്, പാര്‍ട്ടി അംഗങ്ങളായ സിസിലി തോമസ്, റീന തോമസ് എന്നിവരാണ് സിപിഎം വിപ്പ് ലംഘിച്ച് വോട്ടു ചെയ്തത്. അവിശ്വാസ വോട്ടെടുപ്പിൽ വിട്ടുനിന്ന അജിത റ്റി. ജോര്‍ജും സിപിഎം ലോക്കൽ കമ്മിറ്റിയംഗമാണ്. ഇവര്‍ അവിശ്വാസപ്രമേയ നോട്ടിസിലും ഒപ്പുവച്ചിരുന്നില്ല. കോണ്‍ഗ്രസിലെ മൂന്ന് അംഗങ്ങള്‍ക്ക് നേതൃത്വം വിപ്പ് നല്‍കിയിരുന്നില്ല.
കോൺഗ്രസ് കെണിയിൽ സിപിഎം വീണുവെന്ന് സി.എസ്. ബിനോയി
കോണ്‍ഗ്രസിലെയും സിപിഎമ്മിലെയും ചില അംഗങ്ങളുടെ സവര്‍ണമേധാവിത്വ മനോഭാവം കൊണ്ടാണ് തന്നെയും വൈസ് പ്രസിഡന്റിനെയും അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കിയതെന്ന് സി.എസ്. ബിനോയി പറഞ്ഞു. കോണ്‍ഗ്രസ് ബോധപൂര്‍വം ഒരുക്കിയ കെണിയില്‍ സിപിഎം അംഗങ്ങള്‍ വീഴുകയായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിപ്പ് ലംഘിച്ച് വോട്ട് ചെയ്തവര്‍ക്ക് കൂറുമാറ്റ നിയമം ബാധകമാകും. മറിച്ചുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ജനപ്രാതിനിധ്യ നിയമം അനുസരിച്ച് ഭൂരിപക്ഷം അംഗങ്ങള്‍ വിപ്പ് ലംഘിച്ച് വോട്ട് ചെയ്താല്‍ കൂറുമാറ്റ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടാത്തത് പാര്‍ലമെന്റ്-നിയമസഭാ അംഗങ്ങള്ക്കുമാത്രമാണ്.
സിപിഎമ്മിലെ ആര്. കൃഷ്ണകുമാര്‍, റെന്സിന് കെ.രാജന്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കോണ്‍ഗ്രസിലെ റ്റി.കെ. രാമചന്ദ്രന്‍നായര്‍ എന്നിവര്‍ പ്രസിന്റ് സ്ഥാനം ലക്ഷ്യമിട്ടാണ് കരുക്കൾ നീക്കുന്നത്.
ബിനോയിയെ ഒപ്പം നിർത്താനുള്ള സിപിഎം തീരുമാനത്തെ മെംബർമാർ എതിർത്തു
കഴിഞ്ഞ ത്രിതല തെരഞ്ഞെടുപ്പില്‍ സിപിഎം സീറ്റ് നിഷേധിച്ചതിനേത്തുടര്‍ന്ന് തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിലെ 13-ാം വാര്‍ഡില്‍നിന്ന് സ്വതന്ത്രനായി മത്സരിച്ചാണ് സി.എസ്. ബിനോയി പഞ്ചായത്ത് മെംബറായത്.
കോണ്‍ഗ്രസ് വിമതയായി ഒന്നാംവാര്‍ഡില്‍നിന്ന് മത്സരിച്ചാണ് ഷെറിന് റോയി വിജയിച്ചത്. ബിജെപിയടെയും കോണ്‍ഗ്രസിന്റെയും പിന്തുണയോടെയാണ് ഇവര്‍ പ്രസിഡന്റും വൈസ് പ്രസിഡന്റുമായത്. ഇത്തവണ സിപിഎം അംഗങ്ങൾ ഒപ്പുവച്ച് അവിശ്വാസ നോട്ടീസ് നൽകിയപ്പോൾത്തന്നെ പാർട്ടി നേതൃത്വം അതിനെ തള്ളിയിരുന്നു.
പിന്നീട് സിപിഎം ജില്ലാ നേതൃത്വത്തെ സമീപിച്ച സി.എസ്. ബിനോയിയുമായി ധാരണയിലെത്തുകയും ചെയ്തു. എന്നാൽ ഇതിനെ പ്രാദേശിക സിപിഎം നേതൃത്വമോ പഞ്ചായത്തംഗങ്ങളോ പിന്തുണച്ചില്ലെന്നതാണ് ഇന്നലെ അവിശ്വാസം പാസാകാൻ കാരണമായത്. സിപിഎമ്മുമായി ചേർന്നു പോകുമെന്ന് സി.എസ്. ബിനോയി ഉറപ്പു നൽകിയ സാഹചര്യത്തിൽ അവിശ്വാസപ്രമേയ ചർച്ചയിലും വോട്ടെടുപ്പിലും പങ്കെടുക്കേണ്ടെന്ന വിപ്പാണ് സിപിഎം ജില്ലാ സെക്രട്ടറി മെംബർമാർക്കു നൽകിയത്. എന്നാൽ പഞ്ചായത്ത് കമ്മിറ്റിയിലെ നാല് പേരും ഇത് തള്ളി. പാർട്ടി ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മിറ്റിയംഗവും ഇവരിലുൾപ്പെടുന്നു. വിപ്പ് ലംഘിച്ചതിന് പാർട്ടി നടപടിയും തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതിയും ഇവർക്കെതിരേ പോകും.
പാര്‍ട്ടി വിപ്പ് ലംഘിച്ചവര്ക്കെതിരേ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് സിപിഎം ഏരിയാ സെക്രട്ടറി ടി.വി. സ്റ്റാലിന് പറഞ്ഞു.ബിജെപിയുമായി ചേർന്നുള്ള ഭരണത്തെ ഇനി പിന്തുണയ്ക്കാനാകില്ലെന്ന നിലപാടിലാണ്സിപിഎം അംഗങ്ങളായ തങ്ങൾ അവിശ്വാസത്തെ പിന്തുണച്ചതെന്നാണ് മെംബർമാരുടെ വിശദീകരണം. ഭരണസമിതി അധികാരത്തിലെത്തിയശേഷം മുന്‍പ് രണ്ടുതവണ അവിശ്വാസപ്രമേയം ചര്‍ച്ചയ്ക്ക് എടുത്തെങ്കിലും പരാജയപ്പെടുകയായിരുന്നു.