പത്തനംതിട്ടയിൽ അഞ്ച് സ്കൂളുകൾക്കുകൂടി എസ്പിസി യൂണിറ്റ്
1488660
Friday, December 20, 2024 7:42 AM IST
പത്തനംതിട്ട: അടുത്ത അധ്യയന വർഷം മുതൽ ജില്ലയിൽ അഞ്ച് സ്കൂളുകളിൽ കൂടി സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റുകൾ തുടങ്ങുന്നതിന് സർക്കാർ അനുമതി നൽകി.
സെന്റ് തോമസ് എച്ച്എസ്എസ് ഇരുവെള്ളിപ്ര, സെന്റ് തെരേസാസ് ബഥനി കോൺവെന്റ് എച്ച്എസ്എസ് ചെങ്ങരൂർ, കാതോലിക്കേറ്റ് എച്ച്എസ്എസ് പത്തനംതിട്ട, എംജി എച്ച്എസ്എസ് തുന്പമൺ, പിയുഎസ്പിഎം എച്ച്എസ് പള്ളിക്കൽ എന്നീ സ്കൂളുകളിലാണ് എസ്പിസി യൂണിറ്റുകൾ ആരംഭിക്കാൻ അനുമതിയായിരിക്കുന്നത്.
പത്തനംതിട്ട ജില്ലയിൽനിന്നു ലഭിച്ച അപേക്ഷകൾ പരിഗണിച്ചാണ് അഞ്ച് സ്കൂളുകളെ തെരഞ്ഞെടുത്തത്. സംസ്ഥാനമൊട്ടാകെ 70 സ്കൂളുകളാണ് പുതുതായി പദ്ധതിയിൽ ഉൾപ്പെട്ടത്. നിലവിൽ എസ്പിസി യൂണിറ്റുകളുണ്ടായിരുന്ന 19 സ്കൂളുകൾ കേഡറ്റുകളുടെ കുറവു കാരണം പിൻമാറിയതിനാൽ പകരം 19 പുതിയ സ്കൂളുകളെ ഉൾപ്പെടുത്തി. കൂടാതെ 51 സ്കൂളുകൾക്കാണ് പുതുതായി പദ്ധതി അനുവദിച്ചത്.