തിരക്ക് കൂടുന്നു; 27 ലക്ഷം തീർഥാടകർ ശബരിമലയിലെത്തി
1488766
Saturday, December 21, 2024 4:20 AM IST
ശബരിമല: മണ്ഡല കാലത്ത് ശബരിമല തീർഥാടകരുടെ എണ്ണത്തിൽ വൻ വർധന. തീർഥാടനം ആരംഭിച്ച കഴിഞ്ഞ നവംബർ 15 മുതൽ 19 വരെ 27,04,356 അയ്യപ്പഭക്തർ ദർശനം നടത്തിയതായാണ് കണക്കുകൾ. ഇത് റിക്കാർഡാണ്. മുൻവർഷം ഇതേ കാലയളവിൽ 22,54,562 ഭക്തരാണ് ദർശനത്തിനെത്തിയത്. മണ്ഡലകാലം തുടങ്ങി ഏറ്റവും കൂടുതൽ അയ്യപ്പഭക്തർ ശബരിമലയിൽ വന്നത് വ്യാഴാഴ്ചയാണ്, 96,007 പേർ.
തത്സമയ ബുക്കിംഗ് 10,000 ആയി നിജപ്പെടുത്തിയിട്ടുണ്ടെങ്കിലും വ്യാഴാഴ്ച ഇതു പ്രയോജനപ്പെടുത്തിയത് 22,121 പേരാണ്. മണ്ഡലപൂജയോടനുബന്ധിച്ച ദിവസങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി 25, 26 തീയതികളിൽ വെർച്വൽ ക്യൂ ബുക്കിംഗ് സമയം കർശനമായും പാലിക്കുവാൻ ഭക്തർ ശ്രദ്ധിക്കേണ്ടതാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. 22 മുതൽ തിരക്ക് വർധിക്കുമെന്നാണ് കണക്കുകൂട്ടൽ.
മണ്ഡലപൂജ, മകരവിളക്കിന് തത്സമയ ബുക്കിംഗ് ഇല്ല
ശബരിമല മണ്ഡല, മകരവിളക്ക് പൂജാവേളയിലേക്കുള്ള ദർശനം വെർച്വൽ ക്യൂവിൽ ബുക്കിംഗിലൂടെ മാത്രമായിരിക്കും. മണ്ഡലപൂജയോടനുബന്ധിച്ച് 25, 26 തീയതികളിലും മകരവിളക്കിനോടനുബന്ധിച്ച് 2025 ജനുവരി 12, 13,14 എന്നീ ദിവസങ്ങളിൽ സ്പോട്ട് ബുക്കിംഗ് ഉണ്ടായിരിക്കില്ല.
നിലയ്ക്കൽ മുതൽ വാഹനങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ അയ്യപ്പഭക്തരുടെ ഏകദേശകണക്കെടുക്കുന്ന സംവിധാനം ഏർപ്പെടുത്തി. എല്ലാത്തരം വാഹനങ്ങളിലുമായി പമ്പയിൽ എത്തുന്ന തീർഥാടകരുടെ ഒരു മണിക്കൂറിലുള്ള ഏകദേശം കണക്ക് എടുക്കുകയും ഇതനുസരിച്ച് സന്നിധാനത്തേക്ക് എത്തുന്ന ഭക്തരുടെ എണ്ണം മനസിലാക്കുകയും അവിടെ വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയുമാണ് ഇപ്പോൾ ചെയ്തുവരുന്നത്.
എത്ര തിരക്കുണ്ടായാലും സന്നിധാനത്തേക്ക് ഭക്തർ എത്തുന്ന ഒരു സ്ഥലത്തും അവരെ തടയുന്നില്ലെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. പതിനെട്ടാം പടിയിൽ ഒരു മിനിറ്റിൽ 75 ൽ കുറയാതെ ഭക്തരെ കയറ്റണമെന്ന കർശന നിർദേശവും പാലിക്കപ്പെടുന്നു. ഇത് ചിലപ്പോൾ 80 ന് മുകളിൽ പോകുന്ന സാഹചര്യവുമുണ്ട്.
പടിയിൽ ജോലിചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി സമയം 15 മിനിറ്റായി കുറയ്ക്കുകയും വിശ്രമ സമയം കൂട്ടുകയും ചെയ്തതിലൂടെ മികച്ച ഫലമാണ് ഉണ്ടായിട്ടുള്ളത്. 10 മുതൽ 15 സെക്കൻഡ് വരെ സമയം ഓരോ ഭക്തർക്കും സോപാനത്തുനിന്നുള്ള ദർശനം ഉറപ്പാക്കി.