വെർച്വൽ മാരത്തൺ നാളെ
1488656
Friday, December 20, 2024 7:42 AM IST
വെച്ചൂച്ചിറ: എണ്ണൂറാം വയൽ സിഎംഎസ് എൽപി സ്കൂളിന്റെ നേതൃത്വത്തിൽ നടക്കുന്ന വെർച്വൽ മാരത്തൺ നാളെ നടക്കും. എരുമേലി പഞ്ചായത്തിലെ നെടുങ്കാവ് വയലിൽനിന്ന് ആരംഭിച്ച് പഴവങ്ങാടി പഞ്ചായത്തിലെ ഇടമണ്ണിൽ സമാപിക്കും.
വിദ്യാലയം സമൂഹത്തിലേക്ക് എന്ന സന്ദേശമുയർത്തി എരുമേലി, വെച്ചൂച്ചിറ, നാറാണംമൂഴി, പഴവങ്ങാടി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് 42 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന വെർച്വൽ മാരത്തണിൽ വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, പൂർവ വിദ്യാർഥികൾ, ജനപ്രതിനിധികൾ, പൗര പ്രമുഖർ എന്നിവർ പങ്കാളികളാകും. നാല് ടീമുകൾ അടങ്ങുന്ന ക്ലസ്റ്ററുകളാണ് ഓരോ വാർഡിലും വെർച്വൽ മാരത്തണിന് നേതൃത്വം നൽകുക.
വിദ്യാലയത്തിന്റെ പുതുതായി നിർമിക്കുന്ന മന്ദിരത്തിന്റെ ധനശേഖരണാർഥം സംഘടിപ്പിക്കുന്ന ബ്രിക്സ് ചലഞ്ചിലൂടെ സമാഹരിക്കുന്ന തുക മാരത്തൺ ടീം ഏറ്റു വാങ്ങും. മാരത്തണിന് മുൻപായുള്ള ഭവന സന്ദർശനങ്ങൾ നടന്നു.
വാർഡ് തലത്തിൽ നടന്ന ക്ലസ്റ്റർ യോഗങ്ങളുടെ ഉദ്ഘാടനം കക്കൂടക്കയിൽ പഞ്ചായത്ത് പ്രസിഡന്റ് ടി. കെ. ജെയിംസ് നിർവഹിച്ചു. ബോബൻ മോളിക്കൽ അധ്യക്ഷത വഹിച്ചു. പി.ടി. മാത്യു, എസ്. അമ്പിളി എന്നിവർ പ്രസംഗിച്ചു. ഇന്ന് കുട്ടികളുടെ നേതൃത്വത്തിൽ വെർച്വൽ മാരത്തൺ വിളംബര റാലി നടക്കും.