സങ്കടക്കടലായി പൂങ്കാവ്... പ്രിയപ്പെട്ടവർക്ക് യാത്രാമൊഴി
1488668
Friday, December 20, 2024 7:42 AM IST
പത്തനംതിട്ട: സ്വപ്നങ്ങൾ ബാക്കിയാക്കി വിടവാങ്ങിയവർക്ക് നാടിന്റെ യാത്രാമൊഴി. നിസ്വാർഥമായ സേവനത്തിലൂടെ ഇടവകയ്ക്കും സമൂഹത്തിനും അവർ നൽകിയ സേവനങ്ങളെ വൈദികഗണവും വിശ്വാസികളും ജനനേതാക്കളും വാഴ്ത്തിപ്പാടിയപ്പോൾ അത് അവർക്കുള്ള കണ്ണീർ അർച്ചനയായി.
മല്ലശേരി പുത്തേത്തു തുണ്ടിയില്‍ മത്തായി ഈപ്പന് (61), മകന് നിഖില്‍ (30), മരുമകള്‍ അനു(26), അനുവിന്റെ പിതാവ് പുത്തന്‍വിള കിഴക്കേതില്‍ ബിജു പി. ജോര്‍ജ് (56) എന്നിവർക്ക് ആദരാഞ്ജലി അർപ്പിക്കാനായി ഇന്നലെ രാവിലെ മുതൽ മല്ലശേരി പൂങ്കാവിലേക്ക് ജനപ്രവാഹമായിരുന്നു. ഉച്ചയ്ക്ക് നാല് മൃതദേഹങ്ങളും കല്ലറയിലേക്ക് എടുക്കുന്നതുവരെ അത് തുടർന്നു.
ഇടത്തിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങള്‍ ഇന്നലെ രാവിലെ പുറത്തെടുത്ത് വിലാപയാത്രയായി ഭവനങ്ങളിലേക്ക് കൊണ്ടുവന്നപ്പോൾ ബന്ധുക്കളുടെ അലമുറ ഉയർന്നു.
പ്രിയതമനെയും മക്കളെയും നഷ്ടപ്പെട്ട വ്യഥയിൽ രണ്ടിടങ്ങളിലും അമ്മമാർ തേങ്ങി.
മരിച്ച മത്തായിയുടെ ഭാര്യ സാലിയുടെയും ബിജുവിന്റെ ഭാര്യ നിഷയുടെയും ദുഃഖം കണ്ടുനിന്നവരുടെ കണ്ണുകളെപ്പോലും ഈറനണിയിച്ചു. നാല് ആംബുലൻസുകളിലായി മൃതദേഹങ്ങൾ രാവിലെ എട്ടോടെ പൂങ്കാവ് പള്ളി ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിനായി എത്തിച്ചതു മുതൽ ഇടമുറിയാതെ പ്രാർഥനകൾ ഒഴുകി.
ബിഷപ്പുമാരും വൈദികരും അടക്കം പ്രാർഥനകൾക്ക് നേതൃത്വം നൽകി. രണ്ട് കുടുംബങ്ങൾക്കുണ്ടായ നഷ്ടത്തിൽ പൂങ്കാവ് ഇടവകയോടൊപ്പം പത്തനംതിട്ട ഭദ്രാസനവും പങ്കുചേർന്നു. മത്തായി ഈപ്പന്റെയും ബിജുവിന്റെയും കുടുംബങ്ങൾ എത്രമാത്രം പൂങ്കാവ് ഇടവകയ്ക്ക് പ്രിയപ്പെട്ടതായിരുന്നുവെന്ന് വൈദികരുടെ അനുശോചന സന്ദേശങ്ങളിൽനിന്നു വെളിവായി. ഇടവക യുവജനപ്രസ്ഥാനത്തിലും സൺഡേസ്കൂളിലും ഗായകസംഘത്തിലുമൊക്കെ സജീവമായിരുന്ന നിഖിലും അനുവും തങ്ങളോടു വിടപറയുന്ന ദുഃഖം യുവസമൂഹവും പങ്കുവച്ചു.
ഹൃദയമേ കരയരുത്.... അവർ സ്വർഗഭവനത്തിൽ ..എട്ടുവർഷം നീണ്ട പ്രണയം, ഒടുവിൽ 15 ദിവസം മുന്‍പ് വിവാഹം. ഇനി മടക്കം. ലോകയാത്ര പൂർത്തീകരിച്ച് നിഖിലും അനുവും മടങ്ങുന്നത് ഒരു ദിവസം ഒരു കല്ലറയിൽ. ചെറുപ്രായം മുതൽ പരിചയക്കാരായിരുന്നു ഇരുവരും. സൺഡേസ്കൂളിലും എംസിവൈഎമ്മിലുമൊക്കെ ഒന്നിച്ചു പ്രവർത്തിച്ചവർ. ഇവർ തമ്മിൽ കൂടുതൽ ഇഷ്ടത്തിലായപ്പോൾ കുടുംബാംഗങ്ങളുടെ ആശിർവാദത്തോടെ വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത് കഴിഞ്ഞ നവംബർ 30ന്.
കേവലം 15 ദിവസം നീണ്ട ദാന്പത്യകാലം. ഇതിനൊടുവിൽ കഴിഞ്ഞ ഞായറാഴ്ച ഇരുവരും ഒന്നിച്ച് അന്ത്യയാത്രയ്ക്ക് ഒരുങ്ങി. ഇന്നലെ ഇരുവർക്കുമായി ഒരു കല്ലറയും ഒരുങ്ങി. ഒപ്പം കൂട്ടിന് രണ്ട് കുടുംബത്തിലെ പിതാക്കന്മാരും ഇവർക്കൊപ്പമുണ്ടായി. ജീവിച്ച് കൊതിതീരുംമുന്‍പേ മടങ്ങിപ്പോകുന്ന ഇവരുടെ സ്വപ്നങ്ങൾ ഭൂമിയിൽ ബാക്കിയാണെങ്കിലും അങ്ങ് സ്വർഗീയ സന്നിധിയിലെ മാലാഖമാരായി ഇവർ ജീവിക്കുമെന്നുറപ്പിച്ചായിരുന്നു ഇന്നലത്തെ യാത്രയയപ്പ്. ഹൃദയമേ കരയരുത്... അവർ സ്വർഗഭവനത്തിൽ സമാധാനമായി വസിക്കുന്നുവെന്ന് എഴുതിയ ബോർഡ് പള്ളി അങ്കണത്തിൽ ഏറെ ശ്രദ്ധേയമായി.
യാത്രപോലും പറയാതെ പോയല്ലോ മക്കളേ....
ജീവിതത്തിലെ ഏറ്റവും അധികം സന്തോഷം നിറഞ്ഞ നാളുകളിലൂടെയാണ് അവർ പോയിരുന്നത്. വിവാഹശേഷം നിഖിലും അനുവും ഏറെ സന്തോഷത്തിലായിരുന്നു. എട്ടുവർഷം നെയ്തെടുത്ത ജീവിത സ്വപ്നങ്ങൾ യാഥാർഥ്യമാക്കണമെന്ന അവരുടെ ആഗ്രഹത്തിന് എതിരുനിൽക്കാതെ മക്കളുടെ സന്തോഷത്തിൽ മാതാപിതാക്കളും ഒപ്പം ചേർന്നു. ഒടുവിൽ ഒരു യാത്രപോലും പറയാതെ അപ്പൻമാരെയും കൂട്ടി അവർ മറ്റൊരു ലോകത്തേക്കു യാത്രയായപ്പോൾ വീടുകളിൽ ഒറ്റപ്പെട്ടുപോയ രണ്ട് അമ്മമാരുടെയും ദുഃഖം അലമുറയായി പുറത്തേക്ക് ഒഴുകി.
മരിച്ച മത്തായി ഈപ്പന്റെ ഭാര്യയും നിഖിലിന്റെ അമ്മയുമായ സാലിയുടെയും ബിജുവിന്റെ ഭാര്യയും അനുവിന്റെ അമ്മയായ നിഷയുടെയും കരച്ചിലാണ് പലപ്പോഴും അലമുറയായി മാറിയത്. താങ്ങാവുന്നതിലുമപ്പുറമുള്ള സങ്കടം ഉള്ളിൽവഹിച്ച് അവർ മൃതദേഹങ്ങൾക്കരികിൽ ഇരുന്നു.
ഇടയ്ക്കൊക്കെ അത് അണപൊട്ടി പുറത്തേക്ക് ഒഴുകി. സാലിക്കൊപ്പം മകൾ നിത ഉണ്ടായിരുന്നു. സഹോദരന്റെയും പിതാവിന്റെയും വേർപാടിൽ നിറകണ്ണുകളോടെ ഇരുന്ന നിതയും സങ്കടം സഹിക്കവയ്യാതെ പൊട്ടിക്കരഞ്ഞു. അനുവിന്റെ സഹോദരൻ ആരോണിന്റെ സങ്കടവും കണ്ടുനിന്നവരുടെ കരളലിയിച്ചു. ഒരേ സമയം പിതാവിനും സഹോദരിക്കും സഹോദരീ ഭർത്താവിനും അന്ത്യചുംബനം നൽകി ആരോണിനു യാത്രയയ്ക്കേണ്ടി വന്നു. ബന്ധുക്കളും ഇടവകാംഗങ്ങളും ചേർന്നാണ് മൃതദേഹങ്ങൾ ദേവാലയത്തിലേക്കും സെമിത്തേരിയിലേക്കും വഹിച്ചത്.
അന്തിമോപചാരം അർപ്പിച്ച് വൻ ജനാവലി
സംസ്കാര ശുശ്രൂഷകൾ നടക്കുന്പോൾ പൂങ്കാവ് പള്ളിയും പരിസരങ്ങളും ജനനിബിഡമായിരുന്നു. ജീവിതത്തിന്റെ നാനാതുറകളിൽപ്പെട്ടവർ പ്രാർഥനയും അന്തിമോപചാരവുമായി എത്തി.
ശുശ്രൂഷകളിൽ ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസ്, ബിഷപ് സാമുവേൽ മാർ ഐറേനിയോസ് എന്നിവർ മുഖ്യകാർമികരായിരുന്നു.
ബിഷപ്പുമാരായ യൂഹാനോൻ മാർ ക്രിസോസ്റ്റം, ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ആന്റണി മാർ സിൽവാനോസ്, മാത്യൂസ് മാർ പോളിക്കാർപ്പോസ്, ഓർത്തഡോക്സ് സഭയിലെ സഖറിയാസ് മാർ അപ്രേം, ജോഷ്വാ മാർ നിക്കോദിമോസ്, ഏബ്രഹാം മാർ സെറാഫിം, സിഎസ്ഐ ബിഷപ് ഉമ്മൻ ജോർജ് തുടങ്ങിയവരും പ്രാർഥനകൾക്ക് നേതൃത്വം നൽകി. വിവിധ രൂപതകളിലെ വികാരി ജനറാൾമാർ, സിസ്റ്റേഴ്സ്, വൈദികർ തുടങ്ങിയവർ പ്രാർഥനകൾ നടത്തി.
മന്ത്രി വീണ ജോർജ്, കെ.യു. ജനീഷ് കുമാർ എംഎൽഎ, രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പൻ, മുൻ എംഎൽഎമാരായ ജോസഫ് എം. പുതുശേരി, രാജു ഏബ്രഹാം, ഓർത്തഡോക്സ് സഭാ സെക്രട്ടറി ബിജു ഉമ്മൻ, ഭദ്രാസന സെക്രട്ടറി ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ, എഐസിസി വക്താവ് അനിൽ ബോസ്, സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, കേരള കോൺഗ്രസ് വൈസ് ചെയർമാൻ പ്രഫ. ഡി.കെ. ജോൺ, ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് മാത്യു കുളത്തുങ്കൽ, മറ്റു ജനപ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവരും അന്തിമോപചാരം അർപ്പിച്ചു.
പത്തനംതിട്ട രൂപത വികാരി ജനറാൾ മോൺ. വർഗീസ് മാത്യു കാലായിൽ വടക്കേതിൽ, പൂങ്കാവ് ഇടവക വികാരി ഫാ.ഡോ. സിജോ ജെയിംസ്, സഹവികാരി ഫാ. സ്കറിയ റോസരിവില എന്നിവർ ക്രമീകരണങ്ങൾക്കു നേതൃത്വം നൽകി.