പന്പയിൽ ഹെലികോപ്ടർ ഇറക്കി രക്ഷപ്പെട്ട സംഭവം സ്മരിച്ച് ക്യാപ്റ്റൻ ഡി.പി. സിംഗ്
1488661
Friday, December 20, 2024 7:42 AM IST
ശബരിമല: ഇന്ധനം തീർന്ന ഹെലികോപ്ടർ പന്പയിൽ ഇറക്കി തലനാരിഴയ്ക്കു ജീവൻ തിരികെ കിട്ടയതിന്റെ സ്മരണയിലാണ് ക്യാപ്റ്റൻ ഡി.പി. സിംഗ് ഔചാല ശബരിമലയിലെത്തിയത്.
1985 മെയ് 22ന് പത്തു ദിവസം മുന്‍പ് കാണാതായ ഐലന്‍ഡ് എന്ന ചെറുവിമാനം തിരക്കി ഹെലികോപ്ടറില്‍ പറക്കുകയായിരുന്നു ക്യാപ്റ്റന്‍ ഡി.പി. സിംഗ് ഔചാല. കുമളിക്ക് സമീപം മോശം കാലാവസ്ഥ അനുഭവപ്പെട്ടു.
കോപ്റ്റര്‍ കൊച്ചി നേവല്‍ കമാന്‍ഡിലേക്ക് തിരിച്ചു പറക്കണം. പക്ഷേ, ഇന്ധനമില്ല. ശബരിമലക്കാടുകളുടെ ആകാശത്ത് വട്ടമിട്ട് പറന്ന ഔചാല താഴെ ഒരു ഗ്രൗണ്ട് കണ്ടു. രണ്ടും കല്പിച്ച് വിമാനം അവിടെ ഇറക്കി.
അവിടെനിന്ന ചിലരോടു സ്ഥലമേതെന്ന് തിരക്കി. അത് പമ്പ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് ആയിരുന്നു. 39 വർഷം മുന്‍പുണ്ടായ ഈ സംഭവം അധികമാർക്കും അറിയാമായിരുന്നില്ല.
അന്ന് കൊച്ചി നേവല്‍ ബേസിലെ ഫ്ളൈയിംഗ് ഇന്‍സ്ട്രക്ടറായിരുന്നു ജലന്ധര്‍ സ്വദേശിയായ ക്യാപ്റ്റന്‍ ഡി.പി. സിംഗ് ഔചാലയ. ഭാര്യ അമന്‍ദീപ് കൗറിനും കരസേന ഏവിയേഷന്‍ ഇന്‍സ്ട്രക്ടറായിരുന്ന കേണല്‍ ശ്രീനാഗേഷ് ബി. നായര്‍ക്കും ഒപ്പമാണ് ചൊവ്വാഴ്ച ശബരിമല ദര്‍ശനത്തിനെത്തിയത്.
പഞ്ചാബ് സര്‍ക്കാരിലെ പൈലറ്റാണിപ്പോള്‍. ഡി.പി.സിംഗ് ഔചാലയും ഭാര്യയും കന്നി അയ്യപ്പൻമാരായാണ് പമ്പയില്‍നിന്ന് കെട്ടുമുറുക്കി ദര്‍ശനത്തിനെത്തിയത്. 41 ദിവസത്തെ കഠിന വ്രതാനുഷ്ഠാനത്തിനൊടുവിലായിരുന്നു ദര്‍ശനം.
അന്ന് അദ്ദേഹം തേടിയിറങ്ങിയ ഐലൻഡ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ പിന്നീട് കുമളിക്ക് സമീപം മംഗളാദേവിയില്നിന്നാണ് കണ്ടെത്തിയത്. ചണ്ഡിഗഡിലാണ് ഇപ്പോള്‍ ഡി.പി. സിംഗ കുടുംബവും താമസം. ഇദ്ദേഹത്തിന് രണ്ട് മക്കളാണുള്ളത്.