പന്തളം നഗരസഭയിൽ അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് 23ന്
1488655
Friday, December 20, 2024 7:42 AM IST
പന്തളം: പന്തളം നഗരസഭയിൽ പുതിയ അധ്യക്ഷയെയും ഉപാധ്യക്ഷയെയും 23നു തെരഞ്ഞെടുക്കും. അവിശ്വാസ പ്രമേയ നോട്ടീസിനേ തുടർന്ന് ചെയർപേഴ്സൺ സുശീല സന്തോഷും വൈസ് ചെയർപേഴ്സൺ യു. രമ്യയും രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. 23ന് രാവിലെ 11ന് അധ്യക്ഷ സ്ഥാനത്തേക്കും ഉച്ചകഴിഞ്ഞ് രണ്ടിന് ഉപാധ്യക്ഷ സ്ഥാനത്തേക്കും തെരഞ്ഞെടുപ്പ് നടക്കും. ജില്ലാ പട്ടികജാതി വികസന ഓഫീസറെ വരണാധികാരിയായി നിശ്ചയിച്ചിട്ടുണ്ട്.
ബിജെപിക്കു ഭൂരിപക്ഷമുള്ള നഗരസഭാ കൗൺസിലിൽ എൽഡിഎഫാണ് അവിശ്വാസത്തിനു നോട്ടീസ് നൽകിയത്. ബിജെപിയിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട ഒരു കൗൺസിലറും സ്വതന്ത്രനും ഇതിനെ പിന്തുണച്ചിരുന്നു. പിന്നാലെ യുഡിഎഫും പിന്തുണ അറിയിച്ചു. അവിശ്വാസം പാസായേക്കുമെന്ന ഘട്ടത്തിലാണ് പാർട്ടി നിർദേശ പ്രകാരം സുശീല സന്തോഷും യു. രമ്യയും രാജിവച്ചത്.
33 അംഗ കൗൺസിലിൽ നിലവിൽ ബിജെപിക്ക് 18 അംഗങ്ങളാണുള്ളത്. എൽഡിഎഫിന് ഒന്പത്, യുഡിഎഫ് അഞ്ച്, സ്വതന്ത്രൻ- ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. ബിജെപിക്കുള്ളിൽ ഉടലെടുത്ത ചില തർക്കങ്ങളാണ് ഭരണസമിതിയുടെ രാജിയിലേക്കു നയിച്ചത്. നിലവിലെ പ്രശ്നങ്ങൾ പരിഹരിച്ച് ബിജെപി സ്ഥാനാർഥികളെ തീരുമാനിക്കാനുള്ള ശ്രമത്തിലാണ്.
ഇതുമായി ബന്ധപ്പെട്ട ചർച്ച തുടരുകയാണ്. മൂന്ന് കൗൺസിലർമാർ കഴിഞ്ഞ ഭരണസമിതിയുമായി അസ്വാരസ്യം പ്രകടിപ്പിച്ചിരുന്നതാണ് സൂചന. പാർട്ടി നേതാവുകൂടിയായ കെ.വി. പ്രഭയെ സസ്പെൻഡ് ചെയ്തതും ഇതിന്റെ ഭാഗമാണ്. പ്രഭ പിന്നീട് എൽഡിഎഫ്, യുഡിഎഫ് യോഗങ്ങളിൽ പങ്കെടുത്തു പ്രസംഗിക്കുകയും ചെയ്തു.
ബിജെപി വിമത പക്ഷത്തുള്ളവരെ ലക്ഷ്യമിട്ടാണ് എൽഡിഎഫും യുഡിഎഫും കരുക്കൾ നീക്കുന്നത്. അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനങ്ങളിലേക്ക് മത്സരിക്കുമോയെന്നതിൽ എൽഡിഎഫും യുഡിഎഫും തീരുമാനമെടുത്തിട്ടില്ല. ബിജെപിയെ അധികാരത്തിൽനിന്ന് അകറ്റി നിർത്തുകയെന്ന ലക്ഷ്യമാണ് തങ്ങൾക്കുള്ളതെന്ന് ഇരുമുന്നണികളുടെയും പാർലമെന്ററി പാർട്ടി നേതാക്കൾ പറഞ്ഞു.