ജില്ലാ കേരളോത്സവം ഇന്നു മുതൽ തിരുവല്ലയിൽ
1488664
Friday, December 20, 2024 7:42 AM IST
തിരുവല്ല: പത്തനംതിട്ട ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജന ക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല കേരളോൽസവം ഇന്ന് തിരുവല്ലയിൽ ആരംഭിക്കും. നാലു ദിവസം നീണ്ടു നിൽക്കുന്ന കേരളോൽസവത്തിന് തുടക്കം കുറിച്ച് ഇന്നുച്ചകഴിഞ്ഞ് മൂന്നിന് തിരുവല്ല പഴയ കുരിശുകവലയിൽനിന്ന് സാംസ്കാരിക ഘോഷയാത്ര നടക്കും.
പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപം മുനിസിപ്പൽ ഓപ്പൺ സ്റ്റേജിൽ ചേരുന്ന യോഗത്തിൽ മന്ത്രി വീണ ജോർജ് കേരളോത്സവം ഉദ്ഘാടനം ചെയ്യും. മാത്യു ടി. തോമസ് എംഎൽഎ അധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുഖ്യാതിഥിയാകും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പൻ, നഗരസഭാ ചെയർപേഴ്സൺ അനു ജോർജ് തുടങ്ങിയവർ പ്രസംഗിക്കും. 23ന് വൈകുന്നേരം അഞ്ചിന് തിരുവല്ല ഡയറ്റ് ഹാളിൽ ചേരുന്ന സമാപന സമ്മേളനത്തിൽ എംഎൽഎമാരായ കെ.യു. ജനീഷ് കുമാർ, പ്രമോദ് നാരായൺ എന്നിവർ സമ്മാനദാനം നിർവഹിക്കും.
കായിക മത്സരങ്ങൾ മാർത്തോമ്മ കോളജ്, വൈഎംസിഎ ഹാൾ, എസ്സിഎസ് ഹയർ സെക്കൻഡറി സ്കൂൾ, വിജയൻ ജിം തിരുവല്ല, പബ്ലിക് സ്റ്റേഡിയം, ക്രിസ്റ്റൽ ബ്ലൂ സിമ്മിംഗ്പൂൾ എന്നിവിടങ്ങളിലും കലാമത്സരങ്ങൾ തിരുവല്ല ഡയറ്റ്, ഗവ. മോഡൽ ഗേൾസ് ഹൈസ്കൂൾ എന്നിവിടങ്ങളിലുമാണ് നടക്കുന്നത്.