പോക്സോ കേസ് പ്രതിക്ക് 75 വർഷം കഠിനതടവും 2.5 ലക്ഷം പിഴയും
1485939
Tuesday, December 10, 2024 7:55 AM IST
പത്തനംതിട്ട: പത്തുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 75 വർഷം കഠിനതടവും 2.5 ലക്ഷം രൂപ പിഴയും ശിക്ഷ. പത്തനംതിട്ട അതിവേഗ സ്പെഷൽ കോടതി ജഡ്ജി ഡോണി തോമസ് വർഗീസിന്റേതാണ് വിധി. മലയാലപ്പുഴ പോലീസ് 2022-ൽ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിലാണ് പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്.
വടശേരിക്കര പേഴുംപാറ ഐരിയിൽ എ.ഒ. മാത്യു (പൊന്നച്ചൻ, 68)വിനെയാണ് കോടതി കഠിനതടവിന് ശിക്ഷിച്ചത്.
പോക്സോ നിയമത്തിലെ 6, 5, 9, 10 വകുപ്പുകൾ അനുസരിച്ച് 65 വർഷവും 2.5 ലക്ഷം രൂപ പിഴയും വിധിച്ചു. ഇന്ത്യൻ ശിക്ഷാനിയമം വകുപ്പ് 449 പ്രകാരം 10 വർഷവും 25,000 രൂപ പിഴയുമാണ് വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ടു വർഷവും ആറു മാസവുംകൂടി അധികകഠിന തടവ് അനുഭവിക്കണം. ശിക്ഷാകാലാവധി ഒരുമിച്ചൊരു കാലയളവ് അനുഭവിച്ചാൽ മതി. പിഴത്തുക കുട്ടിക്ക് നൽകാനും വിധിയിൽ പറയുന്നു.
2021 മേയിൽ കുട്ടിയുടെ വീട്ടിൽ അതിക്രമിച്ചകയറി പ്രതി പീഡനത്തിനു വിധേയമാക്കിയെന്നാണ് കേസ്. തുടർന്ന് ചില ദിവസങ്ങളിൽ കുട്ടിയോട് ഇയാൾ ലൈംഗിക അതിക്രമം കാട്ടുകയും ചെയ്തു. മലയാലപ്പുഴ പോലീസ് ഇൻസ്പെക്ടറായിരുന്ന കെ.എസ്. വിജയനാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി റോഷൻ തോമസ് ഹാജരായി.