കാപ്പ ചുമത്തി അറസ്റ്റ്; പത്തു ദിവസങ്ങൾക്കുള്ളിൽ നാലുപേർ ജയിലിലായി
1485937
Tuesday, December 10, 2024 7:55 AM IST
പത്തനംതിട്ട: കുറ്റവാളികൾക്കും സാമൂഹിക വിരുദ്ധർക്കും ഗുണ്ടാപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കുമെതിരായ നിയമനടപടികൾ കർശനമാക്കി പോലീസ്. പത്തു ദിവസങ്ങൾക്കുള്ളിൽ നാലുപേരെ കാപ്പ ചുമത്തി ജയിലിൽ അടച്ചതായി ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാർ അറിയിച്ചു.
തിരുവല്ല പോലീസ് സ്റ്റേഷനിലെ രണ്ടുപേരെയും കൊടുമൺ അടൂർ പോലീസ് സ്റ്റേഷനുകളിലെ ഓരോരുത്തരെ വീതവുമാണ് കാപ്പ പ്രകാരം നടപടികൾക്ക് വിധേയരാക്കിയത്. തിരുവല്ല തുകലശേരി അഞ്ജലി റോഡിൽ ചിറപ്പാട്ട് വീട്ടിൽ റോഷൻ വർഗീസ്(29), കുറ്റപ്പുഴ കിഴക്കൻ മുത്തൂർ പ്ലാപ്പറമ്പിൽ കരുണാലയം ദീപു മോൻ (28), കൊടുമൺ ഇടത്തിട്ട ഐക്കരേത്ത് കിഴക്കേചെരുവ് വിഷ്ണു ഭവനം വിഷ്ണുതമ്പി (28), അടൂർ പള്ളിക്കൽ പഴകുളം മേട്ടുപ്പുറം പൊന്മാത കിഴക്കേതിൽ വീട്ടിൽ ലൈജു(28) എന്നിവരെയാണ് ജയിലിൽ അടച്ചത്.
സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ചാർജ് ചെയ്ത കേസുകളിൽ പ്രതി ചേർക്കപ്പെട്ടവരാണിവർ. തുടർച്ചയായ കുറ്റകൃത്യങ്ങളെത്തുടർന്ന് പോലീസ് നടപടികളുണ്ടാകുകയും നാടു കടത്തുകയും ചെയ്തിരുന്നു. പിന്നീട് വീണ്ടുമെത്തി ക്രിമിനൽ കേസുകളിൽ പെട്ടതോടെയാണ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്.
ജനങ്ങളുടെ സ്വൈര്യജീവിതത്തിന് തടസം സൃഷ്ടിച്ചുവന്നവരെ കാപ്പ നിയമപ്രകാര കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിന് ഉത്തരവിനായി റിപ്പോർട്ട് തയാറാക്കി ജില്ലാ കളക്ടർക്ക് സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഈവർഷം ഇതേവരെ കാപ്പ നിയമമനുസരിച്ച് 13 കൊടും കുറ്റവാളികളെ കരുതൽ തടങ്കൽ ഉത്തരവായിട്ടുണ്ട്. 16 പേർക്കെതിരേ സഞ്ചാരനിയന്ത്രണഉത്തരവ് നടപ്പാക്കിയിരുന്നു.