കൊറ്റനാട് ബാങ്കിൽ ക്രമക്കേട് നടത്തിയവരെ സംരക്ഷിക്കാൻ നീക്കം: കോൺഗ്രസ്
1484803
Friday, December 6, 2024 4:56 AM IST
കൊറ്റനാട്: ക്രമക്കേടുകളിലൂടെയും അനധികൃത വായ്പകളിലൂടെയും കൊറ്റനാട് സർവീസ് സഹകരണ ബാങ്കിനെ കോടിക്കണക്കിനു രൂപയുടെ ബാധ്യതകളിലേക്കു തള്ളിവിട്ട രാഷ്ട്രീയ പ്രസ്ഥാനത്തെയും ഭരണസമിതിയെയും സംരക്ഷിച്ചുകൊണ്ടുള്ള ഒരു നീക്കത്തെയും പിന്തുണയ്ക്കില്ലെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി.
ഇക്കാര്യം വ്യക്തമാക്കി സഹകരണസംഘം ഉദ്യോഗസ്ഥർക്കും ബാങ്ക് സെക്രട്ടറിക്കും കോൺഗ്രസ് കത്തു നൽകിയിരുന്നതായി മണ്ഡലം പ്രസിഡന്റ് ആശിഷ് പാലയ്ക്കാമണ്ണിൽ പറഞ്ഞു. ഇക്കാരണത്താലാണ് ഇന്നലെ നടന്ന പൊതുയോഗം കോൺഗ്രസ് ബഹിഷ്കരിച്ചത്. കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി സജി പള്ളിയാങ്കൽ, വൈസ് പ്രസിഡന്റ് എസ്. സുഗതൻ എന്നിവരാണ് ഇന്നലെ നടന്ന യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയത്.
ഏകദേശം ഏഴ് കോടിയിലധികം രൂപ നിക്ഷേപകർക്കു നൽകാനിരിക്കേ നാല് കോടി രൂപയിൽ താഴെ മാ്രമാണ് തിരിച്ചടവായി ബാങ്കിനു ലഭിക്കാനുള്ളതെന്നു പറയുന്നു. നിക്ഷേപകർക്കു പണം നൽകാനാകാതെ ബുദ്ധിമുട്ടുന്പോൾ നാല് ലക്ഷത്തിലധികം രൂപ ചെലവു ചെയ്ത് തെരഞ്ഞെടുപ്പ് നടപടികളിലേക്കു കടക്കേണ്ടതില്ലെന്നാണ് കോൺഗ്രസ് അഭിപ്രായം.
തങ്ങളുടെ ചെയ്തികൾ മൂടിവയ്ക്കാൻ ഇടതുപക്ഷ നേതാക്കൾ നടത്തുന്ന ശ്രമത്തെ ബിജെപിയും പിന്തുണയ്ക്കുകയാണ്. ബാങ്കിന്റെ നിയന്ത്രണം കൈപ്പിടിയിലൊതുക്കാനുള്ള അവിശുദ്ധ രാഷ്ട്രീയ ബന്ധമാണ് രൂപപ്പെടുന്നത്. ബാങ്കിനെ ഈ നിലയിലെത്തിച്ചവർക്കെതിരേ നടപടിയെടുക്കുകയും വൻതുക വായ്പകളായും മറ്റും സ്വന്തമാക്കിയവരിൽ നിന്ന് ഈടാക്കുകയുമാണ് വേണ്ടതെന്ന് മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു.