കോന്നി മരുന്ന് പരിശോധനാ ലബോറട്ടറിയിൽ 14 അധിക തസ്തികകൾ
1484801
Friday, December 6, 2024 4:56 AM IST
കോന്നി: കോന്നി ഡ്രഗ്സ് കൺട്രോൾ ടെസ്റ്റിംഗ് ലബോറട്ടറിയിൽ 14 അധിക തസ്തികകൾ സൃഷ്ടിച്ചതായി കെ.യു. ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗമാണ് തസ്തികകൾ സൃഷ്ടിക്കുന്നതിന് അനുമതി നൽകിയത്. ഗവ. ഡ്രഗ് അനാലിസിസ്റ്റ് ഗ്രേഡ് -ഒന്ന്, ഗ്രേഡ് -രണ്ട്, ഗ്രേഡ് -മൂന്ന്, മിനിസ്റ്റീരിയൽ സ്റ്റാഫ് ഉൾപ്പെടെയാണ് 14 തസ്തികകൾ സൃഷ്ടിച്ചത്.
സംസ്ഥാനത്തെ നാലാമത്തെ മരുന്ന് പരിശോധനാ ലബോറട്ടറിയാണ് കോന്നിയില്‍ പ്രവർത്തിക്കുന്നത്. 10 കോടി രൂപ മുടക്കിയാണ് അത്യാധുനിക ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി സജ്ജമാക്കിയത്. ലബോറട്ടറി പൂർണതോതിൽ പ്രവര്‍ത്തന ക്ഷമമാകുന്നതോടെ പ്രതിവര്‍ഷം ഏകദേശം 4,500 മരുന്നുകള്‍ പരിശോധിക്കാനാകും. ഇതോടെ സംസ്ഥാനത്ത് മൊത്തം പ്രതിവര്‍ഷം പരിശോധിക്കുന്ന മരുന്നുകളുടെ എണ്ണം 15,000 ആയി വർധിക്കും.
കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ വിതരണം നടത്തുന്ന മരുന്നുകളുടെ ഗുണനിലവാര പരിശോധനയ്ക്കായാണ് കോന്നിയിൽ ലാബ് സ്ഥാപിച്ചത്.
നിര്‍മാണം ആരംഭിച്ച് ഒന്നര വര്‍ഷം കൊണ്ട് 15,000 ചതുരശ്ര അടിയില്‍ മൂന്നു നിലയിലായാണ് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ലാബ് സജ്ജമാക്കിയത്. പുതിയ തസ്തികകളിൽ അടിയന്തരമായി നിയമനങ്ങൾ നടത്തുന്നതിനുള്ള ഇടപെടൽ നടത്തുമെന്ന് എംഎൽഎ അറിയിച്ചു.