‘ഒളിന്പ്യ 2024’ റാന്നിയിൽ കുട്ടികൾക്ക് പ്രത്യേക ക്ലാസ്
1484796
Friday, December 6, 2024 4:56 AM IST
റാന്നി: നിയോജകമണ്ഡല പരിധിയിലെ കുട്ടികളെ സജ്ജരാക്കാൻ പ്രമോദ് നാരായൺ എംഎൽഎയുടെ നേതൃത്വത്തിൽ ഒളിന്പ്യ - 2024 എന്ന പേരിൽ സമഗ്ര പദ്ധതി. പരമ്പരാഗത രീതിയിലുള്ള കോഴ്സുകളിൽനിന്നും വ്യത്യസ്തമായ വിവിധതരം കോഴ്സുകളെക്കുറിച്ചും വിദ്യാർഥികൾക്ക് ലഭിക്കുന്ന പഠന സ്കോളർഷിപ്പുകളെക്കുറിച്ച് കുട്ടികൾക്കും രക്ഷിതാക്കൾക്കും അവബോധം നൽകുക എന്ന ഉദ്ദേശ്യത്തോടെയാണ് ഒളിമ്പ്യ 2024 എന്ന പദ്ധതി നടപ്പാക്കുന്നത്.
നിലവിൽ ഇത്തരത്തിലുള്ള മത്സര പരീക്ഷകൾക്കും സ്കോളർഷിപ്പുകൾക്കും ഒരു ശതമാനം കുട്ടികൾ പോലും കേരളത്തിൽനിന്ന് അപേക്ഷിക്കാറില്ലെന്ന് എംഎൽഎ ചൂണ്ടിക്കാട്ടി.
റാന്നി നോളജ് വില്ലേജ് പദ്ധതിയുടെ ഭാഗമായുള്ള പാത്ത്ഫൈൻഡർ വിദ്യാഭ്യാസ പദ്ധതിയുടെ യുപി,ഹൈസ്കൂൾ വിദ്യാർഥികൾക്കുള്ള യുഎസ്എസ്, എൻഎംഎംഎസ്, കൂടാതെ വിവിധ അന്താരാഷ്ട്ര ഒളിമ്പ്യാഡ് സ്കോളർഷിപ്പ് പരീക്ഷകളെക്കുറിച്ചും അവയുടെ അനന്ത സാധ്യതകളെക്കുറിച്ചും വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യ സംഗമത്തിൽ നിരവധി കുട്ടികൾ പങ്കെടുത്തു.
ഇതോടനുബന്ധിച്ച ക്ലാസ് പ്രമോദ് നാരായൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. പി. പ്രണവ് പദ്ധതി വിശദീകരണം നടത്തി. ഡോ.സുരേഷ് കുമാർ, വൈശാഖ് എന്നിവർ ക്ലാസെടുത്തു. സ്കൂൾ പ്രിൻസിപ്പൽ ബെറ്റി സി. ആന്റോ പ്രസംഗിച്ചു.