ഹോം പെരിട്ടോണിയൽ ഡയാലിസിസ് ദേശീയ ശില്പശാല ബിലീവേഴ്സിൽ സംഘടിപ്പിച്ചു
1484795
Friday, December 6, 2024 4:56 AM IST
തിരുവല്ല : വൃക്കരോഗികൾക്ക് വീട്ടിൽത്തന്നെ ഡയാലിസിസ് നടത്താൻ സാധിക്കുന്ന ഹോം പെരിട്ടോണിയൽ ഡയാലിസിസ് വിഷയമാക്കി ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ദേശീയ ശില്പശാല സംഘടിപ്പിച്ചു.
ബിലീവേഴ്സ് ആശുപത്രിയിലെ വൃക്കരോഗ വിഭാഗത്തിന്റെയും മധ്യതിരുവിതാംകൂർ നെഫ്രോളജി ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ട മധ്യതിരുവിതാംകൂർ പിഡി കോൺക്ലേവ് എന്ന ദേശീയ ശില്പശാലയിൽ കേരളത്തിനകത്തുനിന്നും പുറത്തുനിന്നുമായി 200ലധികം നെഫ്രോളജിസ്റ്റുകളും ആരോഗ്യ പ്രവർത്തകരും പങ്കെടുത്തു.
ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് വൃക്കരോഗ വിഭാഗം മേധാവി ഡോ. രാജേഷ് ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. ആശുപത്രിയിൽ പോകാതെ സ്വന്തം വീടിന്റെ സൗകര്യങ്ങളിൽവച്ചുതന്നെ വൃക്ക രോഗികൾക്ക് ഡയാലിസിസ് നടത്താൻ കഴിയുന്ന സംവിധാനമാണ് ഹോം പെരിട്ടോണിയൽ ഡയാലിസിസ്.
ശില്പശാലയിൽ കേരള നെഫ്രോളജി അസോസിയേഷൻ സെക്രട്ടറി ഡോ. ബിജു കെ. ഗോപിനാഥ്, ഡോ. ജോർജി ഏബ്രഹാം എന്നിവർ ക്ലാസുകൾ നയിച്ചു. ഡയാലിസിസ് രോഗികൾ നേരിടുന്ന ആരോഗ്യപരവും സാമ്പത്തികവും സാമൂഹികവുമായി പ്രശ്നങ്ങളെക്കുറിച്ച് ശില്പശാലയിൽ ചർച്ചകൾ നടന്നു.
ഡയാലിസിസ് രോഗികൾക്ക് ഹോം ഡയാലിസിസ് പ്രയോജനപ്പെടുത്താൻ കഴിഞ്ഞാൽ ചികിത്സാച്ചെലവുകളടക്കം ഗണ്യമായ രീതിയിൽ കുറയും. ആരോഗ്യപ്രവർത്തകരുടെ സഹായമില്ലാതെ നടത്താൻ കഴിയുമെന്നതിനാൽ രോഗിക്ക് സ്വയമോ വീട്ടുകാരുടെ സഹായംകൊണ്ടോ പെരിറ്റോണിയൽ ഡയാലിസിസ് നടത്താനുമാകും.
ശില്പശാലയുടെ ഭാഗമായി ശിശുരോഗവിദഗ്ധർക്കും ഡയാലിസിസ് ടെക്നീഷന്മാർക്കും പ്രത്യേക പരിശീലനവും നൽകി.