പത്തനംതിട്ടയിൽ ഭക്ഷ്യസുരക്ഷാ ലാബ് പൂർത്തിയാകുന്നു
1484794
Friday, December 6, 2024 4:56 AM IST
പത്തനംതിട്ട: പത്തനംതിട്ട അണ്ണായിപ്പാറയിലെ ഭക്ഷ്യസുരക്ഷാ ലാബോറട്ടറി പൂർത്തിയാകുന്നു. രണ്ടു മാസത്തിനുള്ളിൽ കെട്ടിടനിർമാണം പൂർത്തീകരിച്ച് ഉദ്ഘാടനം നടത്താനാകുമെന്നാണ് പ്രതീക്ഷ. ഭക്ഷ്യ സാന്പിളുകൾ കൃത്യമായി പരിശോധിച്ചു ഫലം നൽകാൻ കഴിയുന്ന തരത്തിലുള്ള സംവിധാനമാണ് പുതിയ ലാബിൽ ഒരുക്കുന്നത്.
90 ശതമാനം നിർമാണജോലികളും പൂർത്തിയായി. വൈദ്യുതി, വാട്ടർ കണക്ഷൻ, റോഡ് എന്നിവയുടെ ജോലികളാണ് നിലവിൽ തീർക്കാനുള്ളത്. ലാബ് ആയതിനാൽ മുഴുവൻ നിർമാണവും പൂർത്തിയായാൽ മാത്രമേ ആവശ്യമായ മെഷീനുകൾ എത്തിക്കാനാകൂ.
2023 നവംബറിലാണ് ഭക്ഷ്യ സുരക്ഷാ ലാബിന്റെ നിർമാണം ആരംഭിച്ചത്. ലാബ് വരുന്നതോടെ ജില്ലയ്ക്ക് വിവിധ സൂക്ഷ്മാണു പരിശോധനകൾ, കീടനാശിനി പരിശോധനകൾ എന്നിവ നടത്താൻ മറ്റു സ്ഥലങ്ങളെ ആശ്രയിക്കേണ്ടി വരില്ല.
ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും ഭക്ഷണസാധനങ്ങൾ തിരുവനന്തപുരത്തെ ലാബോറട്ടറിയിലെത്തിച്ചാണ് നിലവിൽ പരിശോധിക്കുന്നത്. ജില്ലയിൽനിന്ന് 40 സാമ്പിളുകളെങ്കിലും ഒരു മാസം പരിശോധനയ്ക്കായി അയയ്ക്കുന്നുണ്ട്. ഒരുമാസം വൈകിയാണ് പരിശോധനാഫലം ലഭിക്കുക.
പത്തനംതിട്ട മാർക്കറ്റ് റോഡിനു സമീപമുള്ള പഴയ ലാബിൽ നിലവിൽ കുടിവെള്ള പരിശോധനയ്ക്കുള്ള സൗകര്യം മാത്രമാണുള്ളത്.
തസ്തികകൾ അനുവദിക്കണം
ഭക്ഷ്യസുരക്ഷാ വകുപ്പിനു കീഴിൽ പുതിയ ലാബായാണ് പത്തനംതിട്ടയെ പരിഗണിക്കുക. നിലവിലെ ലാബിൽ ടെക്നിക്കൽ അസിസ്റ്റന്റ്, റിസർച്ച് ഓഫീസർ, ഓഫീസ് അറ്റൻഡർ എന്നിങ്ങനെ മൂന്നു തസ്തികകളിൽ ഒരാൾ വീതമാണുള്ളത്. പുതിയ ലാബിലേക്കുള്ള നിയമനം പിഎസ്സി മുഖേനയാണ് നടത്തേണ്ടത്.
ഇതിനായി തസ്തിക സൃഷ്ടിച്ച് ഗവൺമെന്റ് തീരുമാനം ഉണ്ടാകണം. ഇതിനാവശ്യമായ നടപടിക്രമങ്ങൾ പൂർത്തീകരിച്ചിട്ടുണ്ടെന്ന് പറയുന്നു. 3.1 കോടി രൂപ ചെലവിൽ മൂന്നു നിലകളിലായാണ് ലാബ് കെട്ടിടം. കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡവലപ്മെന്റിന്റെ (സിഎഫ്ആർഡിസി) ഫണ്ടിലാണ് നിർമാണം നടക്കുന്നത്.
കെട്ടിടത്തിന്റെ ഒന്നാംനിലയിൽ ഓഫീസും രണ്ടാംനിലയിൽ ലാബുമാണ് പ്രവർത്തിക്കുക.
വെള്ളം, ഭക്ഷണപദാർഥങ്ങൾ എന്നിവ ഇവിടെ പരിശോധിക്കാം. ഒന്നാംനിലയിൽ ഓഫീസ് കൂടാതെ മൈക്രോ ബയോളജി ലാബ്, സ്റ്റോർ, ബാത്റൂം എന്നിവയും ഉണ്ടാകും. മൂന്നാം നിലയിൽ വിശദ പരിശോധനകൾക്കുള്ള അത്യാധുനിക ഉപകരണങ്ങൾ സ്ഥാപിക്കും.