വയനാടിനോടുള്ള അവഗണന: എൽഡിഎഫ് മാർച്ചും ധർണയും
1484793
Friday, December 6, 2024 4:47 AM IST
പത്തനംതിട്ട: കേരളവും വയനാടും ഇന്ത്യയിലാണെന്ന് കേന്ദ്രസർക്കാരിനെ ഓർമപ്പെടുത്തിക്കൊണ്ടിയിരിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് ജനതാദൾ -എസ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ് എംഎൽഎ. വയനാട്ടിലെ ദുരന്തബാധിതരോടു കേന്ദ്ര സർക്കാർ കാട്ടുന്ന അവഗണനയ്ക്കെതിരേ എൽഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ഹെഡ്പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രളയത്തിന് ചെറിയ സംസ്ഥാനമായ ത്രിപുരയ്ക്ക് 40 കോടിയും ആന്ധ്രക്കും തെലുങ്കാനയ്ക്കും 3448 കോടിയും പ്രകൃതിദുരന്തം സംഭവിക്കുമെന്ന് ആശങ്ക നിലനിൽക്കുന്ന ബീഹാറിന് 10,500 കോടി രൂപയും സഹായമായി അനുവദിച്ച കേന്ദ്ര സർക്കാർ സമാനതകളില്ലാത്ത ദുരന്തം നേരിട്ട വയനാടിനെ അവഗണിച്ചത് നീതീകരണമില്ലാത്തെ തെറ്റുതന്നെയാണെന്ന് മാത്യു ടി. തോമസ് പറഞ്ഞു.
സമ്മേളനത്തിൽ കെ. പി. ഉദയഭാനു അധ്യക്ഷത വഹിച്ചു. എൽഡിഎഫ് കൺവീനർ അലക്സ് കണ്ണമല, സി.കെ. ശശിധരൻ നായർ, ശിവശങ്കരൻ, ഡോ. വർഗീസ് ജോർജ് , പി. പി. ജോർജുകുട്ടി, സജി അലക്സ്, മനോജ് മാധവശേരിൽ, നിസാർ നൂർ മഹൽ , കെ. ജെ. ജോസഫ്, സീതത്തോട് മോഹൻ, എം. വി. സഞ്ജു തുടങ്ങിയവർ പ്രസംഗിച്ചു.
അബാൻ ജംഗ്ഷനിൽനിന്നും ആരംഭിച്ച പ്രകടനത്തിന് മുൻ എംഎൽഎമാരായ രാജു ഏബ്രഹാം, എ. പത്മകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്റ് രാജി പി. രാജപ്പൻ, പ്രമോദ് നാരായൺ എംഎൽഎ, കെ. യു. ജനീഷ് കുമാർ എംഎൽഎ, വർഗീസ് മുളയ്ക്കൽ, കെ.അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.