ഓൺലൈൻ തട്ടിപ്പ്: 37.61 ലക്ഷം അപഹരിച്ച കേസിൽ രണ്ടാം പ്രതി പിടിയിൽ
1484792
Friday, December 6, 2024 4:47 AM IST
പത്തനംതിട്ട: വീഡിയോ കോളിലൂടെ മുംബൈ അന്ധേരി പോലീസെന്നും സിബിഐ എന്നും തെറ്റിധരിപ്പിച്ച് 37,61,269 രൂപ തട്ടിയകേസിൽ രണ്ടാം പ്രതി പിടിയിൽ. പാലക്കാട് ഒറ്റപ്പാലം വരോട് മുളക്കൽ മൊയ്ദു സാഹിബാണ് (20) കോയിപ്രം പോലീസിന്റെ പിടിയിലായത്. ജില്ലാ പോലീസ് മേധാവി വി. ജി. വിനോദ് കുമാറിന്റെ നിർദേശപ്രകാരം ജില്ലാ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.
തടിയൂർ സ്വദേശിയുടെ പണമാണ് ഓൺലൈൻ തട്ടിപ്പിൽ നഷ്ടമായത്. ഇദ്ദേഹത്തിന്റെ ആധാർ ലിങ്ക് ചെയ്ത ഫോൺ നമ്പരിൽനിന്നും പരസ്യങ്ങളും ഭീഷണിയും അയക്കപ്പെട്ടിട്ടുണ്ടെന്നും നരേഷ് ഗോയൽ എന്നയാൾ ഈ ആധാർ കാർഡ് ഉപയോഗിച്ച് ആറു കോടി രൂപ വായ്പ എടുത്തിട്ടുണ്ടെന്നും പറഞ്ഞ് വീഡിയോ കോളിലൂടെ ഭീഷണിപ്പെടുത്തുകയായിരുന്നു.
പണം ആവശ്യപ്പെട്ടുള്ള ഭീഷണിയിൽ ഭയന്നുപോയ ഇദ്ദേഹം പെരിങ്ങനാടുള്ള സർവീസ് സഹകരണബാങ്കിലെ അക്കൗണ്ടിൽനിന്ന് പ്രതികളുടെ കൊൽക്കത്ത ഹാറ്റിഭാഗൻ ഐസിഐസിഐ ബാങ്ക് അക്കൗണ്ടിലേക്ക് 2024 ഒക്ടോബർ 10ന് 7,50,111 രൂപ അയച്ചുകൊടുത്തു.
തുടർന്ന് 15ന്, കൊടുമൺ എസ്ബിഐ ബാങ്ക് അക്കൗണ്ടിൽനിന്നും പ്രതികളുടെ ഗുജറാത്ത് വാഡോദര ഐസിഐസിഐ ബാങ്ക് അക്കൗണ്ടിലേക്ക് 30,11,158 രൂപയും തട്ടിപ്പുകാർ മാറ്റിയെടുക്കുകയായിരുന്നു.
ഈ തുകയിൽ 6,50,000 രൂപ അറസ്റ്റിലായ മൊയ്ദു സാഹിബിന്റെ പാലക്കാട് ചേർപ്പുളശേരിയിലെ കനറാ ബാങ്ക് ശാഖയിലെ അക്കൗണ്ടിലേക്ക് 15ന് വഡോദര ഐസിഐസിഐ ബാങ്ക് അക്കൗണ്ടിൽനിന്നും മാറ്റിയെടുത്തു.
പിന്നീട് ഇയാളുടെ പേരിലുള്ള ചെക്ക് ഇപയോഗിച്ച് പിൻവലിച്ച് ഒന്നാം പ്രതിക്ക് കൈമാറിയതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.
ഒന്നാം പ്രതിക്കുവേണ്ടിയുള്ള അന്വേഷണം കോയിപ്രം പോലീസ് ഊർജ്ജിതമാക്കി. തിരുവല്ല ഡിവൈഎസ്പി എസ്. അഷാദിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. പോലീസ് ഇൻസ്പെക്ടർ ജി. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ ഗ്രേഡ് എസ്ഐ ഷിബുരാജ്, എസ്സിപിഒ ജോബിൻ ജോൺ, സിപിഒ അരുൺകുമാർ എന്നിവരടങ്ങിയ സംഘമാണ് മൊയ്ദു സാഹിബിനെ പിടികൂടിയത്.