ജോലിക്കിടെ ജാക്ഹാമർ ശരീരത്തിൽ തുളച്ചുകയറി തൊഴിലാളിക്ക് ദാരുണാന്ത്യം
1484790
Friday, December 6, 2024 4:47 AM IST
പത്തനംതിട്ട: പഴയ കെട്ടിടം പൊളിക്കുന്നതിനിടെ ജാക്ഹാമർ നെഞ്ചിൽ തുളച്ചുകയറി തൊഴിലാളി മരിച്ചു. കൊടുമൺ കളീക്കൽ ജയിംസാണ് (60) മരിച്ചത്. ഇന്നലെ രാവിലെ 11.30 ന് നെടുമൺകാവിലുള്ള പഴയ കെട്ടിടത്തിന്റെ കോൺക്രീറ്റ് ഭാഗം പൊളിക്കുകയായിരുന്നു.
ഇതിനിടെ കെട്ടിടം ഇടിഞ്ഞതോടെ ജയിംസ് താഴെവീണു. പ്രവർത്തിച്ചുകൊണ്ടിരുന്ന ജാക് ഹാമർ ജയിംസിന്റെ നെഞ്ചിൽ തുളച്ചുകയറുകയായിരുന്നു.
ഉടൻ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഭാര്യ: ബീന. മക്കൾ: നേഹ, നിർമല. മരുമക്കൾ: ബിജോഷ്, ജിനു.