ഡ്രൈവിംഗ് പരിശീലന സ്ഥാപന ഉടമയ്ക്കും ഭാര്യക്കും മർദനം: രണ്ടുപേർ അറസ്റ്റിൽ
1484789
Friday, December 6, 2024 4:47 AM IST
പത്തനംതിട്ട: ഡ്രൈവിംഗ് പരീശീലനത്തിന്റെ ഫീസ് ചോദിച്ച സ്ഥാപന ഉടമയെയും ഭാര്യയെയും വീടുകയറി ആക്രമിച്ച കേസിൽ സഹോദരങ്ങളായ രണ്ടു പേർ അറസ്റ്റിൽ. സിപിഎം പ്രാദേശിക നേതാവുകൂടിയായ എംബിവി ഡ്രൈവിംഗ് സ്കൂള്‍ ഉടമ സലിം മീരയ്ക്കാണ് (56) പരിക്കേറ്റത്.
തടസം പിടിക്കാന്‍ ശ്രമിച്ച ഭാര്യ സലീന(55)യ്ക്കും പരിക്കുണ്ട്.പേട്ട പുതുപ്പറമ്പില്‍ അഫ്സല് റഹിം (20), ആഷിഖ് റഹിം (19) എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രി ഏഴിന് പേട്ട കെഎസ്ഇബി ഓഫീസിനു സമീപത്തുളള വീട്ടില്‍നിന്ന് സലിമിനെ വിളിച്ചിറക്കി മര്‍ദിക്കുകയായിരുന്നുവെന്ന് പറയുന്നു. തലയ്ക്കും ശരീരമാസകലവും മാരകമായി ക്ഷതമേറ്റു. ഇരുന്പിൽ പൊതിഞ്ഞ ആയുധം ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് പറയുന്നു.
തടസം പിടിക്കുന്നതിനിടെ ഭാര്യ സലീനയെ അഫ്സൽ ഉപദ്രവിച്ചെന്നും പരാതിയുണ്ട്. കമ്പിവടികൊണ്ടുള്ള അടിയേറ്റ് സലിമിന്റെ തലയുടെ ഇടതുവശത്തു പൊട്ടലുണ്ട്. പുറത്തും മുഖത്തിന്റെ ഇരുവശത്തും കാലുകളിലും പരിക്കേറ്റു.
അറസ്റ്റിലായവരുടെ മാതാവ് സലിമിന്റെ ഡ്രൈവിംഗ് സ്കൂളില്‍ പരിശീലനത്തിന് ചേര്‍ന്നിരുന്നു. ഫീസ് നൽകാതെ വന്നതോടെ സലിം ഇവരെ വാട്സാപ്പില്‍ വിളിച്ച് അശ്ലീലം പറഞ്ഞുവെന്ന് ആരോപിച്ചാണ് സഹോദരങ്ങൾ വീട്ടിലെത്തി മര്‍ദിച്ചതെന്നു പറയുന്നു. പത്തനംതിട്ട പോലീസ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.