തദ്ദേശസ്ഥാപന ഉപതെരഞ്ഞെടുപ്പ് പത്തിന്; വോട്ടിംഗ് മെഷീനുകളുടെ വിതരണം ഇന്ന്
1484788
Friday, December 6, 2024 4:47 AM IST
പത്തനംതിട്ട: ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് 10ന്. കോന്നി ബ്ലോക്ക് പഞ്ചായത്തിലെ ഇളകൊള്ളൂര്‍, പന്തളം ബ്ലോക്ക് പഞ്ചായത്തിലെ വല്ലന, നിരണം ഗ്രാമപഞ്ചായത്തിലെ കിഴക്കുംമുറി, എഴുമറ്റൂര്‍ ഗ്രാമ പഞ്ചായത്തിലെ ഇരുമ്പുകുഴി, അരുവാപ്പുലം ഗ്രാമ പഞ്ചായത്തിലെ പുളിഞ്ചാണി എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ്.
രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറു വരെ വോട്ടെടുപ്പ്. തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡോ അംഗീകൃത രേഖകളോ വോട്ട് രേഖപ്പെടുത്താൻ നിർബന്ധമാണ്. വോട്ടെണ്ണല്‍ 11ന് രാവിലെ 10 ന് നടത്തും.
ഇന്ന് ഇലക്ഷന് വെയര്‍ ഹൗസില്‍നിന്നും റിട്ടേണിംഗ് ഓഫീസർമാർക്ക് വിതരണം ചെയ്യുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ അതത് സ്ഥലങ്ങളില്‍ വരണാധികാരികളുടെ നേതൃത്വത്തില്‍ ഏഴിന് കമ്മീഷന് ചെയ്യും.
പോളിംഗ് സാമഗ്രികള്‍ സെക്ടറല്‍ ഓഫീസര്‍മാര്‍ മുഖേന വോട്ടെടുപ്പിന് തലേദിവസം പോളിംഗ് സ്റ്റേഷനുകളിലെത്തിക്കുകയും വോട്ടെടുപ്പിനു ശേഷം തിരികെ വാങ്ങി സുരക്ഷാസംവിധാനങ്ങളോടെ സ്ട്രോംഗ് റൂമില്‍ സൂക്ഷിക്കും ചെയ്യും. വോട്ടെടുപ്പിന്റെ പരസ്യപ്രചരണം എട്ടിന് വൈകുന്നേരം ആറിന് അവസാനിക്കും.