മൈലപ്ര പള്ളിപ്പടിയിൽ നിയന്ത്രണംവിട്ട കാർ ബസിലും ഓട്ടോറിക്ഷയിലും ഇടിച്ച് 11 പേർക്കു പരിക്ക്
1484787
Friday, December 6, 2024 4:47 AM IST
പത്തനംതിട്ട: പിഎം റോഡിൽ മൈലപ്ര പള്ളിപ്പടിക്കു സമീപം ആന്ധ്രപ്രദേശ് അയ്യപ്പഭക്തർ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് സ്വകാര്യ ബസിലും ഓട്ടോറിക്ഷയിലും ഇടിച്ച് 11 പേർക്ക് പരിക്ക്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവം. ദർശനം കഴിഞ്ഞു മടങ്ങിയ അയ്യപ്പഭക്തർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. അമിതവേത്തിൽ കാർ വരുന്നതുകണ്ട് ബസ് വശത്തേക്ക് ഒതുക്കി നിറുത്തിയതിനാൽ വൻ അപകടം ഒഴിവായി.
കഴിഞ്ഞദിവസം ആലപ്പുഴ കളർകോടുണ്ടായ അപകടത്തിനു സമാനമായ രീതിയിലാണ് കാർ ബസിലേക്ക് ഇടിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ബസിൽവന്നിടിച്ചു കറങ്ങിയ കാർ പിന്നാലെ വന്ന ഓട്ടോറിക്ഷയെയും ഇടിച്ചുതെറിപ്പിച്ചു. ബസിന്റെ ഡ്രൈവർ വശത്തെ ബോഡി ഇളകിപ്പോയി. ഓട്ടോറിക്ഷ തലകീഴായി റോഡിലേക്കു മറിഞ്ഞു. ആന്ധ്രാപ്രദേശിലെ അന്നമയ്യ ജില്ലയിലെ ഹസനാപുരം സ്വദേശികളാണ് കാറിലുണ്ടായിരുന്നത്.
സുബ്ബയ്യ നയിഡുവിന് തലയ്ക്കു പരിക്കുണ്ട്. കുട്ടിയുൾപ്പെടെ അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്. അയ്യപ്പഭക്തരായ മൂന്നുപേർ പരിക്കുകളോടെ ജനറൽ ആശുപത്രിയിൽ ചികിത്സതേടി.
ബസിലും ഒട്ടോറിക്ഷയിലും സഞ്ചരിച്ച ശോഭന കുമാരി, അനിത ജോൺ, മോളി ജോൺ, ലക്ഷ്മി, ലീല, അച്യുതൻ, സതീഷ്കുമാർ, ഓട്ടോറിക്ഷ ഡ്രൈവർ മനോജ് എന്നിവർക്കു പരിക്കേറ്റു. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് പോലീസ് പറഞ്ഞു. കാറിലെ ഡീസൽ ചോർന്ന് റോഡിൽ ഒഴുകിപ്പരന്നത് ഫയർഫോഴ്സ് വെള്ളം ഒഴിച്ച് നീക്കി.