പുറന്പോക്ക് കൈയേറിയെന്നു പരാതി; കൊടുമണ്ണിൽ കോൺഗ്രസ് ഓഫീസ് സ്ഥലം അളന്നു കല്ലിട്ടു
1484785
Friday, December 6, 2024 4:47 AM IST
കൊടുമൺ: പുറന്പോക്ക് കൈയേറിയെന്ന പരാതിയെത്തുടർന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലം അളന്ന് കല്ലിട്ടു. റവന്യു, പഞ്ചായത്ത് അധികൃതരുടെ സാന്നിധ്യത്തിലാണ് വ്യാഴാഴ്ച കല്ലിട്ടത്. ബുധനാഴ്ചയാണ് വില്ലേജ് അധികൃതർ നോട്ടീസ് നൽകിയത്. കൊടുമണ്ണിൽ സ്റ്റേഡിയത്തിന് എതിർവശത്ത് മന്ത്രി വീണാ ജോർജിന്റെ ഭർത്താവിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിനു മുന്നിൽ ഓടയുടെ അലെയ്ൻമെന്റ് മാറ്റിയതിനെത്തുടർന്ന് കോൺഗ്രസ് അഞ്ചുമാസം മുമ്പ് പ്രതിഷേധസമരങ്ങൾ നടത്തിയിരുന്നു.
ഇതേത്തുടർന്ന് ജോർജ് ജോസഫാണ് കോൺഗ്രസ് ഓഫീസ് പുറന്പോക്ക് കൈയൈറി നിർമിച്ചതാണെന്നു കാട്ടി ജില്ലാ കളക്ടർക്കു പരാതി നൽകിയത്.
പരാതിയെത്തുടർന്ന് റവന്യു വിഭാഗം നേതൃത്വത്തിൽ റോഡ് പുറന്പോക്ക് അളന്ന് തിട്ടപ്പെടുത്തിയിരുന്നു. ഇതേത്തുടർന്ന് സ്ഥലം അളക്കുന്ന വിവരം കാണിച്ച് കഴിഞ്ഞദിവസം റവന്യു അധികൃതർ കോൺഗ്രസ് ഓഫീസിന് നോട്ടീസ് നൽകുകയുണ്ടായി. സ്ഥലം അളക്കുന്നതറിഞ്ഞ് കോൺഗ്രസ് പ്രവർത്തകരും എത്തിയിരുന്നു.
എന്നാൽ, വലിയ തർക്കങ്ങൾ ഒന്നും നടന്നില്ല. കോൺഗ്രസ് ഓഫീസിന്റെ പിന്നിലെ കെട്ടിടത്തിന്റെ ഉൾവശം വരുന്ന വിധമാണ് ഇപ്പോൾ അളന്നു കല്ലിട്ടത്. സർവേ വിഭാഗം പഞ്ചായത്ത് അധികൃതരോട് ആദ്യം കല്ലിടാൻ ആവശ്യപ്പെട്ടെങ്കിലും അവർ തയാറായില്ല. ഇത് ഇവർ തമ്മിലുള്ള ചെറിയ തർക്കത്തിനും ഇടയാക്കി.
പിന്നീട് പഞ്ചായത്ത് അധികൃതർതന്നെ കല്ലിട്ടു. കോൺഗ്രസ് നേരത്തെ പരാതി നൽകിയിട്ടും കളക്ടറോ റവന്യു അധികൃതരോ ഹിയറിംഗിനു വിളിച്ചില്ലെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. റീസർവേയിലെ അപകതകൾ പരിഹരിച്ച് സ്ഥലം വീണ്ടും അളക്കണമെന്നും അവർ ആവശ്യപ്പെട്ടു.