അപ്പർ കുട്ടനാട്ടിലെ മടവീഴ്ച: നഷ്ടത്തിന്റെ തോത് ഏറുന്നു
1484784
Friday, December 6, 2024 4:47 AM IST
തിരുവല്ല: മഴക്കെടുതി മൂലം മട വീണ് തിരുവല്ല താലൂക്ക് പരിധിയിലെ അപ്പർ കുട്ടനാട് പാടശേഖരങ്ങളിലെ നഷ്ടത്തിന്റെ തോത് ഏറുന്നു. വിത നശിച്ചും പാടശേഖരം കൃഷിയോഗ്യമല്ലാതായും ഹെക്ടർ കണക്കിനു പാടശേഖരങ്ങൾക്കു നഷ്ടമുണ്ട്. മേപ്രാലിൽ മാത്രം 580 ഏക്കറിലെ കൃഷിയാണ് നശിച്ചത്.
മട വീണുണ്ടായ വെള്ളപ്പാച്ചിലിൽ പെരിങ്ങര, നിരണം, നെടുന്പ്രം പഞ്ചായത്തുകളിലായി വിത നടത്തിയ പാടങ്ങളിലെ വിത്ത് ഒഴുകിപ്പോയി. അപ്പർകുട്ടനാട്ടിലെ 90 ശതമാനം പാടശേഖരങ്ങളിലും വിത നടത്തിയിരുന്നു. പെരിങ്ങര കൃഷി ഭവൻ പരിധിയിൽ 160 ഹെക്ടറിലാണ് നാശമെന്ന് കണക്കാക്കി.
പെരിങ്ങരയിലെ തോട്ടുപുറം, വടവടി തുടങ്ങിയ പാടങ്ങളിലും മട വീണിരുന്നു. 12 പാടങ്ങളിൽ വെള്ളക്കെട്ടുണ്ട്. സമീപത്തെ ചങ്ങനാശേരി താലൂക്കിലും നഷ്ടമേറെയാണ്. തിരുവല്ലയിൽനിന്നാരംഭിക്കുന്ന ന്യൂ മാർക്കറ്റ് കനാലിന്റെ ബണ്ടാണ് തകർന്നത്. മണിമലയാറ്റിലേക്കാണ് കനാൽ വന്നുചേരുന്നത്.
തിരുവല്ല താലൂക്ക് അതിർത്തിയിൽ മേപ്രാൽ കുന്പുംമൂടിനു സമീപം എട്ടുമീറ്ററോളം വീതിയിലാണ് ബണ്ട് തകർന്നത്. അഞ്ചടി വെള്ളൂർ മുണ്ടകം ടാർ റോഡ് കഴിഞ്ഞുള്ള മൺചിറയാണ് ഈഭാഗം. മട വീഴ്ച മൂലം ഉണ്ടായ വെള്ളപ്പാച്ചിൽ നിയന്ത്രിച്ചെങ്കിൽ മാത്രമേ തുടർ ജോലികളിലേക്ക് കടക്കാനാകൂവെന്ന് കർഷകർ പറഞ്ഞു.
തോട്ടിലെയും പാടത്തെയും ജലനിരപ്പ് സമമായ ശേഷം മട വീണ ഭാഗം കട്ട കുത്തിയിട്ട് അടയ്ക്കണം. തുടർന്ന് പാടത്തെ വെള്ളം വറ്റിക്കണം. എങ്കിൽ മാത്രമേ ഇനി വിത നടത്താനാകൂ. മൂന്നാഴ്ചയെങ്കിലും കഴിഞ്ഞേ ഇനി കൃഷിയിടം ഒരുക്കാനാകൂ. വൈകിയുള്ള വിത നഷ്ടമാകുമോയെന്ന ആശങ്കയും കർഷകർക്കുണ്ട്.
വിത്ത് സൗജന്യമായി നൽകുമെന്ന് ജോബ് മൈക്കിൾ
കൃഷി നശിച്ച കർഷകർക്ക് സൗജന്യമായി വിത്ത് വിതരണം ചെയ്യുമെന്ന് ജോബ് മൈക്കിൾ എംഎൽഎ. കഴിഞ്ഞദിവസം ഉണ്ടായ ശക്തമായ മഴയിൽ കുട്ടനാട്, അപ്പർ കുട്ടനാടൻ പ്രദേശങ്ങളിലെ പാടശേഖരങ്ങളിൽ കൃഷി നശിച്ച പാടശേഖരങ്ങൾ സന്ദർശിച്ചശേഷം കൃഷിക്കാരോട് സംസാരിക്കുകയായിരുന്നു എംഎൽഎ.
ചങ്ങനാശേരി താലൂക്കിലെ പായിപ്പാട് പഞ്ചായത്തിലും തിരുവല്ല താലൂക്കിലെ പെരിങ്ങര പഞ്ചായത്തിലുമായി കിടക്കുന്ന അഞ്ചടി വേളൂർ മുണ്ടകം പാടശേഖരത്തിൽ കൃഷി പൂർണമായി നശിച്ചു.
രണ്ടു ദിവസം മുതൽ രണ്ടാഴ്ച വരെ വിതച്ച വിത്തുകൾ വെള്ളം കയറി നശിച്ചു. ഇരുസ്ഥലങ്ങളും എംഎൽഎ സന്ദർശിച്ചു. നശിച്ച വത്തുകൾക്ക് പകരം സൗജന്യമായി വിത്തുകൾ വിതരണം ചെയ്യുകയും പുറംബണ്ട് നിർമിക്കാനുള്ള തുക എത്രയും വേഗം കർഷകർക്ക് ലഭ്യമാക്കുകയും ചെയ്യുമെന്ന് എംഎൽഎ പറഞ്ഞു.
കോട്ടയം അഗ്രികൾച്ചർ ജോയിന്റ് ഡയറക്ടർ, പായിപ്പാട്, തിരുവല്ല കൃഷി ഓഫീസർമാർ അപ്പർകുട്ടനാട് നെൽക്കർഷക സമിതി പ്രസിഡന്റ് സാം ഈപ്പൻ, പാടശേഖര കൺവീനർ വിനോദ് കോവൂർ, അലക്സ് മന്നത്ത് തുടങ്ങിയവർ എംഎൽഎയ്ക്കൊപ്പം ഉണ്ടായിരുന്നു.