സിദ്ധ ചികിത്സാ യൂണിറ്റ് പ്രവർത്തനം തുടങ്ങി
1484544
Thursday, December 5, 2024 4:39 AM IST
കടമ്പനാട്: ഗവ. ആയുർവേദ ആശുപത്രിയിൽ എട്ട് വർഷമായി പ്രവർത്തിച്ചുവരുന്ന സിദ്ധ യൂണിറ്റ് എൻഎസ്എസ് കരയോഗ മന്ദിരത്തിലേക്കു മാറ്റി സ്വതന്ത്രമായി പ്രവർത്തനം ആരംഭിച്ചു. ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. രാധാകൃഷ്ണൻ നിർവഹിച്ചു. വാർഡ് മെംബർ പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു.
കരയോഗം ഭാരവാഹികളായ ഹരികുമാർ, എം.ആർ. ഗോപകുമാർ, ടി.ആർ. മനോജ്, ശശിധരൻ നായർ, മോഹനൻ പിള്ള തുടങ്ങിയവർ പ്രസംഗിച്ചു. കടന്പനാട് ഗവ. ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. കൃഷ്ണകുമാർ സ്വാഗതവും സിദ്ധ മെഡിക്കൽ ഓഫീസർ ഡോ. അനുപമ ബാലചന്ദ്രൻ നന്ദിയും പറഞ്ഞു.
രാവിലെ ഒന്പതു മുതൽ ഉച്ചകഴിഞ്ഞ് രണ്ടുവരെയാണ് പ്രവർത്തന സമയം. ചികിത്സയും മരുന്നുകളും സൗജന്യമായിരിക്കും. നാഷണൽ ആയുഷ് മിഷന്റെ കീഴിൽ കേരളത്തിലെ ആദ്യത്തെ സ്വാതന്ത്ര സിദ്ധ മർമ യൂണിറ്റാണ് കടമ്പനാട്ട് പ്രവർത്തിക്കുന്നത്.
കടമ്പനാട് ഗ്രാമപഞ്ചായത്ത് അനുവദിച്ച എട്ട് സെന്റ് സ്ഥലത്തു സിദ്ധ ഡിസ്പൻസറിയുടെ കെട്ടിടനിർമാണം നാഷണൽ ആയുഷ് മിഷന്റെ ഫണ്ട് ഉപയോഗിച്ച് ഉടൻ ആരംഭിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി.എസ്. ശ്രീകുമാർ, ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അഫിന അസീസ് എന്നിവർ അറിയിച്ചു.